കർണാടകയിലെ രൂക്ഷമായ വരൾച്ച നേരിടാൻ ദേശീയ ദുരന്തനിവാരണ നിധി (NDRF) മാനദണ്ഡങ്ങൾ പ്രകാരം 7,142.64 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ അഭാവത്തിൽ ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് ഇക്കാര്യം അറിയിച്ചത്. ശനിയാഴ്ച വരൾച്ചാ സാഹചര്യം വിലയിരുത്താനെത്തിയ കേന്ദ്രസംഘവുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ആവശ്യം ഉന്നയിച്ചത്. ഉപമുഖ്യമന്ത്രി ജി. പരമേശ്വരയും സംഘത്തിലുണ്ടായിരുന്നു.
സംസ്ഥാനത്തെ 240 താലൂക്കുകളിൽ 217 എണ്ണവും വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൽ 177 താലൂക്കുകളിലായി 46,324.50 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായാണ് സർക്കാർ കണക്ക്. നേരത്തെ 101 താലൂക്കുകളെ വരൾച്ചാബാധിതമായി പ്രഖ്യാപിച്ച് 3,701 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ടിരുന്നു. പുതുക്കിയ കണക്കനുസരിച്ചാണ് 177 താലൂക്കുകൾക്കായി 7,142.64 കോടി രൂപയുടെ സഹായം തേടിയത്.
കർഷകരും പൊതുജനങ്ങളും കടുത്ത ദുരിതത്തിലാണെന്നും സംസ്ഥാനത്തെ കർഷകരെ സഹായിക്കാൻ കേന്ദ്രസർക്കാർ അടിയന്തരമായി ഇടപെടണമെന്നും ഡി.കെ. ശിവകുമാർ ആവശ്യപ്പെട്ടു. തൻ്റെ 40 വർഷത്തെ പൊതുപ്രവർത്തനത്തിനിടയിൽ ഇത്രയും രൂക്ഷമായ പ്രതിസന്ധി കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
കൃഷ്ണ നദീതടം ഒഴികെയുള്ള മിക്ക ജലസംഭരണികളിലും നീരൊഴുക്ക് കുറവാണ്. മലനാട്, തീരദേശ മേഖലകളിലും മഴയുടെ ലഭ്യത കുറഞ്ഞു. ഇതിനിടയിലും കാവേരി നദിയിൽനിന്ന് വെള്ളം വിട്ടുനൽകേണ്ട സാഹചര്യമുണ്ടെന്നും നഗരപ്രദേശങ്ങളിലും ജലക്ഷാമം രൂക്ഷമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാനത്തെ യഥാർഥ സാഹചര്യം നേരിട്ട് വിലയിരുത്താൻ കേന്ദ്രസംഘം മൂന്ന് ദിവസം വിവിധ പ്രദേശങ്ങൾ സന്ദർശിക്കും. ഉദ്യോഗസ്ഥരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചശേഷം വസ്തുനിഷ്ഠമായ റിപ്പോർട്ട് സമർപ്പിക്കുമെന്ന് സംഘത്തലവനും കേന്ദ്ര ജോയിന്റ് സെക്രട്ടറിയുമായ അജിത് കുമാർ സാഹു അറിയിച്ചു.
സംസ്ഥാനത്ത് ഇതിനകം 82 ശതമാനം കൃഷിനാശം സംഭവിച്ചതായി മന്ത്രി ജി. പരമേശ്വര പറഞ്ഞു. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലുണ്ടായ മഴ നേരത്തെ നശിച്ച വിളകളെ വീണ്ടെടുക്കാൻ സഹായിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത് ഇതുവരെ 49 ലക്ഷം കർഷകർ വിള ഇൻഷുറൻസ് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും ഇത് റെക്കോർഡാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.