ജാലഹള്ളി പ്രിൻസ്‌ടൗൺ അപ്പാർട്മെൻ്റ് നിവാസികൾക്ക് മറക്കാനാകാത്ത ശാസ്ത്രീയഅനുഭവമായി ശാസ്ത്രപ്രദർശനവും വാനനിരീക്ഷണവും. വിശ്വേശ്വര ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം (വിഐടിഎം.), ജനക്‌സ് യൂട്ടിലിറ്റി മാനേജ്‌മെന്റ്റ് എന്നിവയുടെ ആഭിമുഖ്യത്തിലാണ് അപ്പാർട്ട്മെൻ്റിൽ പരിപാടി നടത്തിയത്. ഒരു പാർപ്പിട സമുച്ചയത്തിൽ വിഐടിഎം ആദ്യമായി നടത്തിയ പരിപാടിയായിരുന്നു ഇത്.

കുട്ടികളും മുതിർന്നവരും കൗതുകത്തോടെയും താത്പര്യത്തോടെയും പരിപാടിയിൽ പങ്കെടുത്തു. വിദ്യാഭ്യാസ ഓഫീസർ ആർ. ഭരതൻ, ആർ. ആദിക, കെ. രമേഷ്, സഞ്ജന ആനന്ദ് എന്നിവരടങ്ങിയ ടീം വിവിധ ശാസ്ത്രപരീക്ഷണങ്ങൾ അവതരിപ്പിച്ച് ഏവരുടെയും ശ്രദ്ധആകർഷിച്ചു. ഫിസിക്സിൽനിന്ന് കെമിസ്ട്രിവരെ വ്യാപിക്കുന്ന പരീക്ഷണങ്ങൾ കാഴ്ചക്കാരിൽ കൗതുകം ഉണർത്തി. ഉയർന്നശേഷിയുള്ള ടെലിസ്കോപ്പ് ഉപയോഗിച്ച് ഗ്രഹങ്ങളും ആകാശ അത്ഭുതങ്ങളും നേരിട്ട് കാണാൻ കഴിഞ്ഞു. വിഐടിഎം ഡയറക്‌ടർ സാജു ഭാസ്‌കർ, ജനക്‌സ്‌ യൂട്ടിലിറ്റി മാനേജ്മെന്റ് എംഡിയും ജീവൻ കെ. രാജും സംവാദത്തിന് നേതൃത്വംനൽകി.

Related Posts