നഗരത്തിലെ മാലിന്യസംസ്കരണവും ശുചീകരണ പ്രവർത്തനങ്ങളും കാര്യക്ഷമമാക്കാൻ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കണമെന്ന് മുൻ ചീഫ് സെക്രട്ടറി ടി.എം. വിജയ് ഭാസ്കറിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ ശുപാർശ. നഗരത്തിലെ അഞ്ച് കോർപ്പറേഷനുകളിലായി ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ (ജെഎച്ച്ഐ) എണ്ണം നിലവിലുള്ള 115ൽനിന്ന് 369 ആയും ശുചീകരണ തൊഴിലാളികളുടെ സൂപ്പർവൈസർമാരുടെ എണ്ണം 198ൽനിന്ന് 523 ആയും ഉയർത്താനാണ് നിർദേശം.
ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി (ജിബിഎ) രൂപീകരിച്ചതിനുശേഷം നഗരത്തിലെ ജീവനക്കാരുടെ ആവശ്യകത വിലയിരുത്തുന്ന സമിതിയുടെ ഇടക്കാല റിപ്പോർട്ടിലാണ് ശുപാർശകൾ. ബിബിഎംപിയെ പുനഃസംഘടിപ്പിച്ച് അഞ്ച് കോർപ്പറേഷനുകൾ രൂപീകരിച്ചതിനുശേഷമുള്ള ആദ്യ സമഗ്രമായ ജീവനക്കാരുടെ പുനഃപരിശോധനയാണിത്. ഡിവിഷൻ, സബ് ഡിവിഷൻ, സോൺ, കോർപ്പറേഷൻ തലങ്ങളിലെ ജീവനക്കാരുടെ ആവശ്യകത അന്തിമ റിപ്പോർട്ടിൽ വിശദമായി പരിശോധിക്കും.
നിലവിൽ നിരവധി ഹെൽത്ത് ഇൻസ്പെക്ടർമാരും സൂപ്പർവൈസർമാരും കരാർ അടിസ്ഥാനത്തിലാണ് ജോലിചെയ്യുന്നത്. ഇതുമൂലം മാലിന്യശേഖരണ കരാറുകാരുടെയും സ്ഥിരം ജീവനക്കാരായ ശുചീകരണ തൊഴിലാളികളുടെയും പ്രവർത്തനം നിരീക്ഷിക്കുന്നതിൽ ഇവർക്ക് പരിമിതികളുണ്ടെന്നാണ് സമിതിയുടെ വിലയിരുത്തൽ.
വാർഡ് തലത്തിൽ നികുതി ഇൻസ്പെക്ടർമാരുടെ എണ്ണം 88 കുറയ്ക്കാനും നിർദേശമുണ്ട്. അസിസ്റ്റന്റ് എൻജിനീയർമാർ, ജൂനിയർ എൻജിനീയർമാർ തുടങ്ങിയ തസ്തികകളിൽ വലിയ മാറ്റങ്ങൾ വരുത്തില്ല. ഓരോ വാർഡിലും ആവശ്യമായ ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉറപ്പാക്കുന്നതിനൊപ്പം റോഡുകളുടെ ദൈർഘ്യം അനുസരിച്ച് ജൂനിയർ എൻജിനീയർമാരെ വിന്യസിക്കാനും ശുപാർശയുണ്ട്.
സഹായ പ്ലാറ്റ്ഫോം വഴി ലഭിക്കുന്ന പരാതികൾ പരിഹരിക്കാൻ അഞ്ചു ലക്ഷം രൂപ വരെ അനുവദിക്കാനും നിർദേശമുണ്ട്. റോഡുകളുടെ പരിപാലനത്തിനും ശുചീകരണത്തിനുമായി യന്ത്രവത്കൃത, വൈദ്യുത സ്വീപ്പിങ് മെഷീനുകളും ഉയർന്ന മർദത്തിലുള്ള സക്ഷൻ മെഷീനുകളും ഉപയോഗിക്കണം. ശുചീകരണ തൊഴിലാളികൾക്ക് നീളമുള്ള ചൂലുകൾ, റബർ ബൂട്ടുകൾ, കൈയുറകൾ തുടങ്ങിയ സുരക്ഷാ ഉപകരണങ്ങളും നൽകണം.
സർക്കാർ വാങ്ങൽ നടപടികളും കരാർ നടത്തിപ്പും കാര്യക്ഷമമാക്കാൻ ഇ-പ്രൊക്യുർമെന്റ് 2.0 സംവിധാനവും പുതിയ കരാർ മാനേജ്മെന്റ് മാതൃകയും നടപ്പാക്കാനും സമിതി ശുപാർശ ചെയ്തിട്ടുണ്ട്.