റഷ്യ യുഎസ്സുമായുള്ള 1987-ലെ ഇന്റര്‍മീഡിയറ്റ്-റേഞ്ച് ന്യൂക്ലിയര്‍ ഫോഴ്സസ് (ഐഎന്‍എഫ്) ഉടമ്പടിയില്‍ നിന്ന് പിന്മാറി. യുക്രൈനുമായുള്ള യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സമ്മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനിടെയാണ് റഷ്യയുടെ പുതിയ പ്രഖ്യാപനം. 2 ആണവ അന്തര്‍വാഹിനികള്‍ റഷ്യക്ക് സമീപം വിന്യസിക്കാന്‍ സൈന്യത്തിനോട് ട്രംപ് ഉത്തരവിട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് റഷ്യയുടെ ഈ നീക്കം.
ഹ്രസ്വ-ദൂര, മധ്യ-ദൂര ആണവ മിസൈലുകള്‍ വിന്യസിക്കുന്നതിനുള്ള മൊറട്ടോറിയമായിരുന്നു ഐഎന്‍എഫ് ഉടമ്പടി. റഷ്യയുടെ മുന്‍ഗാമിയായിരുന്ന സോവിയറ്റ് യൂണിയനും യുഎസ്സും തമ്മിലൊപ്പുവെച്ച ഉടമ്പടിയായിരുന്നു ഇത്. സോവിയറ്റ് കാലഘട്ടത്തിലെ ഉടമ്പടി പാലിക്കാനുള്ള ബാധ്യത ഇനി തങ്ങള്‍ക്ക് ഇല്ല എന്നും, മുന്‍പ് സ്വയം ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ഇനി പാലിക്കില്ലെന്നും റഷ്യയുടെ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഏഷ്യ-പസഫിക് മേഖലയിലും, യൂറോപ്പിലും യുഎസിൻ്റെ മധ്യ-ദൂര, ഹ്രസ്വ-ദൂര മിസൈലുകൾ വിന്യസിക്കുന്ന സാഹചര്യം കണക്കിലെടുത്ത്, സമാനമായ ആയുധങ്ങൾ വിന്യസിക്കുന്നതിൽ ഏകപക്ഷീയമായ മൊറട്ടോറിയം നിലനിർത്താനുള്ള സാഹചര്യങ്ങൾ ഇല്ലാതായതായി വ്യക്തമായിരിക്കുന്നു. റഷ്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
റഷ്യ ഉടമ്പടി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി നേരത്തെ, 2019 ൽ യുഎസ് ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ ഫോഴ്സസ് ഉടമ്പടിയിൽ നിന്ന് പിന്മാറിയിരുന്നു. പിന്നാലെ, യുഎസ് അത്തരം ആയുധങ്ങൾ വിന്യസിക്കുന്നില്ലെങ്കിൽ തങ്ങളും വിന്യസിക്കില്ലെന്ന് റഷ്യ വ്യക്തമാക്കിയിരുന്നു.