പ്രളയക്കെടുതിയിൽ വലയുന്ന ശ്രീലങ്കയിലേക്ക് പാകിസ്ഥാൻ അയച്ച ദുരിതാശ്വാസ സാമഗ്രികൾ കാലാവധി കഴിഞ്ഞ നിലയിൽ കണ്ടെത്തി. ഭക്ഷണപ്പൊതികൾ, മെഡിക്കൽ സാമഗ്രികൾ, മറ്റ് അവശ്യവസ്തുക്കൾ എന്നിവ അടങ്ങിയ കാർട്ടണുകളിൽ പലതിനും കാലാവധി കഴിഞ്ഞിരുന്നതായി കണ്ടെത്തിയതോടെ കൊളംബോ ഇസ്ലാമാബാദിനെ അതൃപ്തി അറിയിച്ചു.
ദുരിതാശ്വാസ സാമഗ്രികളുടെ പെട്ടികളിൽ ‘കാലാവധി: 2024 ഒക്ടോബർ’ എന്ന് രേഖപ്പെടുത്തിയ ലേബലുകൾ ഉണ്ടായിരുന്നു. ഇത് ഒരു വർഷം മുമ്പ് കാലാവധി കഴിഞ്ഞ ഉൽപ്പന്നങ്ങളാണെന്ന് ചൂണ്ടിക്കാട്ടി ശ്രീലങ്കൻ അധികൃതർ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിൻ്റെ ദുരന്തനിവാരണ വിഭാഗത്തിലും വിദേശകാര്യ വകുപ്പിലും ആശങ്ക അറിയിച്ചു.