അസമിൽ കനത്ത മഴയും പ്രളയവും മൂലമുള്ള ദുരിതം രൂക്ഷമാകുന്നു. സംസ്ഥാനത്ത് മഴക്കെടുതിയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 62 ആയി ഉയർന്നു. ഒൻപത് ജില്ലകളിലായി ഏഴ് ലക്ഷത്തിലധികം ആളുകളെ പ്രളയം ബാധിച്ചതായി അസം സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.
കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 14 പേർ മരിച്ചതായും ചിലയിടങ്ങളിൽ വെള്ളം ഇറങ്ങിത്തുടങ്ങിയെങ്കിലും നിരവധി പ്രദേശങ്ങളിൽ ദുരിതം തുടരുകയാണെന്നും അധികൃതർ വ്യക്തമാക്കി.
സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മയുമായി ഫോണിൽ സംസാരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്ക് കരസേനയും വ്യോമസേനയും സംസ്ഥാന സർക്കാരിന് പിന്തുണ നൽകുന്നുണ്ട്.
സംസ്ഥാനത്തെ 810 ഗ്രാമങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. ഏകദേശം 34,970 ഹെക്ടറിലധികം കൃഷിയിടങ്ങൾ നശിച്ചതായും റോഡുകൾ, പാലങ്ങൾ, നദീതീര സംരക്ഷണഭിത്തികൾ ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾക്കും വ്യാപക നാശനഷ്ടമുണ്ടായതായും റിപ്പോർട്ടുണ്ട്.
വെള്ളിയാഴ്ച മാത്രം ചരൈദിയോ ജില്ലയിൽ ഏഴുപേരും ശിവസാഗറിൽ ആറുപേരും ജോർഹട്ടിൽ ഒരാളും മരിച്ചു. ശിവസാഗർ ജില്ലയിലാണ് ഏറ്റവും കൂടുതൽ, 27 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ദുരിതബാധിതർക്കായി ആറു ജില്ലകളിലായി 274 ദുരിതാശ്വാസ ക്യാമ്പുകളും സഹായ വിതരണ കേന്ദ്രങ്ങളും പ്രവർത്തിക്കുന്നുണ്ട്. നിലവിൽ 18,902 പേരെ വിവിധ ക്യാമ്പുകളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.