ഇന്ത്യാ-പാക് സംഘര്‍ഷവും ഓപ്പറേഷന്‍ സിന്ദൂറും നടക്കേവ താൻ ഇടപെട്ടിട്ടാണ് ആണവശക്തികൾ തമ്മിലുള്ള യുദ്ധം തീർത്തതെന്ന യുഎസ് പ്രസിഡൻ്റ് ഡൊണൾഡ് ട്രംപിൻ്റെ വാദം ശരിയല്ലെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. യു എസിൻ്റെ നിർബന്ധത്തിന് വഴങ്ങി ഇന്ത്യ വെടിനിർത്തലിന് സമ്മതിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദി, യു എസ് വൈസ് പ്രസിഡൻ്റ് ജെ.ഡി. വാൻസുമായി നടത്തിയ സംഭാഷണത്തിൽ വെടിനിർത്തലിന് സമ്മതിച്ചില്ലെന്നും പാകിസ്താൻ ആക്രമണത്തിന് ഇന്ത്യ ഉചിതമായ മറുപടി നൽകുമെന്നും ന്യൂസ് വീക്കിന് നൽകിയ അഭിമുഖത്തിൽ ജയശങ്കർ പറഞ്ഞു.

“പാകിസ്‌താൻ മെയ് 9-ന് രാത്രി ഇന്ത്യയിൽ വളരെ വലിയ ആക്രമണം നടത്താൻ പോകുകയാണെന്ന് വൈസ് പ്രസിഡൻ്റ് വാൻസ് പ്രധാനമന്ത്രി മോദിയോട് പറഞ്ഞപ്പോൾ ഞാൻ മുറിയിൽ ഉണ്ടായിരുന്നു. ഞങ്ങൾ ചില കാര്യങ്ങൾ അംഗീകരിച്ചില്ല. എന്താണ് പാകിസ്‌താൻ ചെയ്യാൻ പോകുന്നതെന്നത് പ്രധാനമന്ത്രി ഗൗനിച്ചില്ല. നേരെമറിച്ച്, നമ്മുടെ ഭാഗത്തു നിന്ന് ഒരു പ്രതികരണം ഉണ്ടാകുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.’ ജയശങ്കർ പറഞ്ഞു.

ഇന്ത്യയും പാകിസ്താനും മെയ് മാസത്തിൽ മിസൈൽ ആക്രമണം നടത്തിയപ്പോൾ തൻ്റെ ഇടപെടലാണ് വെടിനിർത്തലിലേക്ക് നയിച്ചതെന്ന് നിരന്തരം ട്രംപും അദ്ദേഹത്തിൻ്റെ ഉദ്യോഗസ്ഥരും അവകാശപ്പെടുന്നുണ്ട്. പാകിസ്താൻ്റെ സൈനിക ശക്തിക്ക് ഏറ്റ തിരിച്ചടിയാണ് വെടിനിർത്തലിന് അഭ്യർത്ഥിക്കാൻ രാജ്യത്തെ നിർബന്ധിതരാക്കിയതെന്നും ഇന്ത്യ അതിന് അനുമതി നൽകുകയായിരുന്നുവെന്നും ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്.

Related Posts