മാനുഷിക സഹായം വിദേശ രാജ്യങ്ങളിൽ എത്തിക്കുന്ന ഏജൻസിയായ യുഎസ്എഡിൻ്റെ (USAID) ഫണ്ട് ഭൂരിഭാഗവും വെട്ടിക്കുറയ്ക്കാനുള്ള പ്രസിഡണ്ട് ട്രംപിൻ്റെ തീരുമാനം ലോകത്തെ രൂക്ഷമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് പഠനം. ലോകമെമ്പാടുമായി 2030 ആകുമ്പോഴേക്കും 14 ദശലക്ഷത്തിലധികം മരണങ്ങൾക്ക് യുഎസ് പ്രസിഡണ്ടിൻ്റെ തീരുമാനം കാരണമാകുമെന്ന് പഠനം ചൂണ്ടിക്കാട്ടി. ദി ലാൻസെറ്റ് മെഡിക്കൽ ജേണലിൽ 2025 ജൂലൈ 1ന് പ്രസിദ്ധീകരിച്ച പഠനമാണ് ഇക്കാര്യം പറയുന്നത്.
യുഎസ്എയ്ഡ് നിർത്തലാക്കുന്നതു മൂലം പലതരം കെടുതികളിൽപെട്ട് മരണമടയുന്ന ആളുകളിൽ മൂന്നിലൊന്ന് പേരും 5 വയസ്സിന് താഴെയുള്ള കുട്ടികളായിരിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. 5 വര്ഷത്തിനുള്ളിൽ 4.5 ദശലക്ഷത്തിലധികം കുട്ടികളുടെ മരണം ലോകം കാണേണ്ടി വരും. വിവിധ രാജ്യങ്ങൾ ആഗോളതലത്തിൽ നൽകുന്ന മാനുഷിക സഹായത്തിൻ്റെ 40 ശതമാനത്തിലധികം നൽകുന്നത് യുഎസ് ഏജൻസി ഫോർ ഇൻ്റർനാഷണൽ ഡെവലപ്മെൻ്റ് (യുഎസ്എഐഡി) ആണ്.
ഈ ഏജൻസിയുടെ ഫണ്ട് ലോകത്തെമ്പാടും ജനങ്ങളുടെ ജീവൻ രക്ഷിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചിട്ടുണ്ടെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ 2001നും 2021നും ഇടയിലുള്ള ഇരുപത് വർഷക്കാലം യുഎസ്എഐഡി പിന്തുണയോടെ നടപ്പാക്കിയ പദ്ധതികൾ ഏകദേശം 91 ദശലക്ഷം മരണങ്ങൾ തടഞ്ഞു. താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ രാജ്യങ്ങൾക്കാണ് ഈ ഫണ്ടു കൊണ്ട് ഏറെ ഉപകാരമുണ്ടായത്.
ശ്വാസകോശ അണുബാധകൾ, എച്ച്ഐവി/എയ്ഡ്സ്, മലേറിയ, വയറിളക്ക രോഗങ്ങൾ തുടങ്ങിയ രോഗങ്ങളെ ചെറുക്കുന്നതിനാണ് പ്രധാനമായും ഈ ഫണ്ട് ഉപയോഗപ്പെട്ടിട്ടുള്ളത്. യുഎസ്എയ്ഡ് ഏറ്റവും കൂടുതൽ പ്രാധാന്യം നല്കുന്നത് ആരോഗ്യ സംരക്ഷണത്തിലാണ്. യുഎസ്എയ്ഡ് ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക് വളരെയധികം ഉപയോഗപ്പെടുന്നുണ്ട്.
ഇന്ത്യ കൂടാതെ സുഡാൻ, ഉക്രെയ്ൻ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളും ഈ ഫണ്ടിൻ്റെ പ്രധാന ഗുണഭോക്താക്കളാണ്. ഇന്ത്യയിൽ 6 സംസ്ഥാനങ്ങളിലായി നടത്തിയ മാതൃ-ശിശു ആരോഗ്യ പരിപാടികൾക്ക് യുഎസ്എയ്ഡിൻ്റെ സഹായമുണ്ടായിരുന്നു. മികച്ച വൈദ്യസഹായം 2.8 ദശലക്ഷം ഗർഭിണികൾക്കും 2.6 ദശലക്ഷം നവജാത ശിശുക്കൾക്കും ലഭിക്കാൻ ഈ സഹായം ഉപയോഗപ്പെടുന്നുണ്ട്.