ചെന്നൈ മെട്രോയുടെ രണ്ടാംഘട്ടത്തിൽ പൂനമല്ലി മുതൽ വടപളനി വരെയുള്ള സർവീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏകദേശം 4,900 കോടി രൂപ ചെലവഴിച്ച് നിർമിച്ച പാതയുടെ ഉദ്ഘാടനത്തിനുശേഷം പോരൂർ ബൈപാസ് സ്റ്റേഷനിൽനിന്ന് പൂനമല്ലി ബൈപാസ് സ്റ്റേഷനിലേക്കും തിരിച്ചും പ്രധാനമന്ത്രി മെട്രോയിൽ യാത്ര ചെയ്തു. ക്യൂആർ കോഡ് സ്കാൻ ചെയ്ത് പണമടച്ച് ടിക്കറ്റെടുത്തായിരുന്നു യാത്ര. തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌യും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.

സന്ദർശനത്തിൻ്റെ ഭാഗമായി തമിഴ്‌നാട്ടിൽ ഏകദേശം 13,000 കോടി രൂപയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുകയും തറക്കല്ലിടുകയും ചെയ്യും. റോഡ്, റെയിൽ, തുറമുഖം, പെട്രോളിയം, ശാസ്ത്ര ഗവേഷണം തുടങ്ങിയ മേഖലകളിലെ പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.

ദേശീയപാത 744-ൽ വടുകപ്പെട്ടി–തെർക്കുവെങ്ങനല്ലൂർ ഭാഗത്തെ 36 കിലോമീറ്റർ നാലുവരിപ്പാത പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. ദേശീയപാത 744എയിലെ 30 കിലോമീറ്റർ ദൈർഘ്യമുള്ള മധുര റിങ് റോഡും ഉദ്ഘാടനം ചെയ്യും. ദേശീയപാത 83-ലെ നാഗപട്ടണം–തഞ്ചാവൂർ പാതയുടെ ഭാഗമായ തിരുവാരൂർ ബൈപാസിന് തറക്കല്ലിടുകയും ചെയ്യും.

750 കോടിയിലധികം രൂപയുടെ റെയിൽവേ അടിസ്ഥാനസൗകര്യ പദ്ധതികളും പ്രധാനമന്ത്രി നാടിന് സമർപ്പിക്കും. അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി നവീകരിച്ച പളനി, വെല്ലൂർ കന്റോൺമെന്റ്, അംബാസമുദ്രം, പരമക്കുടി, നാമക്കൽ എന്നീ അഞ്ച് റെയിൽവേ സ്റ്റേഷനുകളും ഉദ്ഘാടനം ചെയ്യും.

തമിഴ്‌നാട്ടിലെ തുറമുഖങ്ങളുടെ ശേഷി വർധിപ്പിക്കാനും ചരക്കുനീക്കം സുഗമമാക്കാനുമുള്ള വിവിധ പദ്ധതികൾക്കും പ്രധാനമന്ത്രി തുടക്കം കുറിക്കും. ചെന്നൈയിലെ മണലിയിലുള്ള ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൻ്റെ റിഫൈനറിയിൽ ഗ്രൂപ്പ് II/III ലൂബ് ഓയിൽ ബേസ് സ്റ്റോക്ക് പദ്ധതിക്ക് തറക്കല്ലിടും.

ഐഐടി മദ്രാസിലെ സുധ ഗോപാലകൃഷ്ണൻ ബ്രെയിൻ സെന്റർ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും. ഗർഭസ്ഥ ശിശു മുതൽ വാർധക്യം വരെയുള്ള മനുഷ്യ മസ്തിഷ്കത്തിൻ്റെ വളർച്ചയും ഘടനയും ത്രിമാന അറ്റ്‌ലസുകളിലൂടെ രേഖപ്പെടുത്തുന്ന ആഗോള ശാസ്ത്ര ദൗത്യത്തിനും തുടക്കമിടും. പക്ഷാഘാതം ബാധിച്ച മസ്തിഷ്കത്തെക്കുറിച്ചുള്ള ആയിരത്തിലധികം സൂക്ഷ്മവിവരങ്ങൾ ഉൾക്കൊള്ളുന്ന ‘സി-സ്ട്രോക്ക്’ അറ്റ്‌ലസും പ്രകാശനം ചെയ്യും.

ചെന്നൈയിലെ ജയ്ഗോപാൽ ഗരോഡിയ ഹിന്ദു വിദ്യാലയ മെട്രിക്കുലേഷൻ ഹയർ സെക്കൻഡറി സ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങളിലും പ്രധാനമന്ത്രി പങ്കെടുക്കും. സന്ദർശനത്തിനിടെ ചെന്നൈയിലെ ജലകണ്ഡേശ്വർ ക്ഷേത്രത്തിൽ ദർശനവും നടത്തും.

ചെന്നൈ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഗവർണറും മുഖ്യമന്ത്രിയും ചേർന്നാണ് സ്വീകരിച്ചത്. സന്ദർശനത്തോടനുബന്ധിച്ച് നഗരത്തിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. രാവിലെ എട്ടുമുതൽ വൈകിട്ട് 4.30 വരെ വിവിധയിടങ്ങളിൽ ഗതാഗത നിയന്ത്രണങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.

Related Posts