ഇന്ത്യയെയും ചൈനയെയും അധിക്ഷേപിച്ചുകൊണ്ടുള്ള അമേരിക്കൻ അവതാരകൻ മൈക്കൽ സാവേജിന്റെ വംശീയ പരാമർശങ്ങൾ സമൂഹമാധ്യമത്തിലൂടെ പങ്കുവെച്ച് യുഎസ് പ്രസിഡണ്ട് ഡോണൾഡ് ട്രംപ്.
മൈക്കൽ സാവേജിന്റെ ‘സാവേജ് നേഷൻ’ എന്ന പോഡ്കാസ്റ്റിലായിരുന്നു വിവാദ പരാമർശങ്ങൾ. മൈക്കൽ സാവേജ് അമേരിക്കയിലെ ജന്മാവകാശ പൗരത്വ നിയമത്തെ വിമർശിച്ച് നടത്തിയ പ്രസംഗമാണ് ട്രംപ് ‘ട്രൂത്ത് സോഷ്യൽ’ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തത്.
ഇന്ത്യയെയും ചൈനയെയും ‘നരകക്കുഴികൾ’ എന്ന് വിശേഷിപ്പിച്ച സാവേജ് ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും എത്തുന്ന കുടിയേറ്റക്കാരെ ‘ലാപ്ടോപ്പുകളുമായി എത്തിയ ഗുണ്ടകൾ’ എന്ന് വിശേഷിപ്പിച്ചു. ഇന്ത്യക്കാരും ചൈനക്കാരും അമേരിക്കൻ പതാകയെ അപമാനിക്കുന്നു, ഇവർ അമേരിക്കയ്ക്ക് വലിയ ദോഷം വരുത്തിവെക്കുന്നു. കാലിഫോർണിയയിലെ ഹൈടെക് മേഖലകളിൽ വെള്ളക്കാർക്ക് ജോലി ലഭിക്കാത്തത് ഇന്ത്യക്കാരും ചൈനക്കാരും ഈ സംവിധാനങ്ങൾ കൈക്കലാക്കിയതുകൊണ്ടാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഗർഭിണികൾ പ്രസവത്തിനായി മാത്രം അമേരിക്കയിൽ എത്തുന്നുവെന്നും, ഒൻപതാം മാസത്തിൽ ഇവിടെ വന്ന് കുഞ്ഞിന് ജന്മം നൽകുന്നതിലൂടെ അവർക്ക് ഇൻസ്റ്റന്റ് പൗരത്വം ലഭിക്കുന്നുവെന്നും കത്തിൽ ആരോപിക്കുന്നു. അമേരിക്കയിൽ ജനിക്കുന്നവർക്ക് പൗരത്വം ലഭിക്കുന്ന രീതി അവസാനിപ്പിക്കണം എന്ന് ട്രംപിന്റെ ദീർഘകാലമായുള്ള ആവശ്യമാണ്. എന്നാൽ, അമേരിക്കൻ ഭരണഘടനയുടെ 14-ാം ഭേദഗതി പ്രകാരം ഈ പൗരത്വം ഉറപ്പുനൽകുന്നുണ്ടെന്നത് വലിയ നിയമതടസമാണ്. നിലവിൽ ഈ വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുമാണ്.