മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ദില്ലിയിൽ ഇന്നും ഒറ്റപ്പെട്ട പ്രതിഷേധങ്ങൾക്ക് സാധ്യത. മിന്നൽ സമരങ്ങൾക്ക് തയ്യാറായിരിക്കണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എംപിമാർക്ക് നിർദേശം നൽകി. സമരം തീരുമാനിച്ചാൽ 24 മണിക്കൂറിനുള്ളിൽ വലിയ മുന്നേറ്റം നടത്താൻ കഴിയുന്ന വിധത്തിൽ സജ്ജരായിരിക്കണമെന്നും ഇന്ത്യാസഖ്യ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ജന്തർമന്തർ വളയാൻ വിവിധ സംഘടനകൾ നീക്കം നടത്തുന്നതായി രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ദില്ലിയിൽ സുരക്ഷ ശക്തമാക്കാനാണ് പൊലീസിൻ്റെ തീരുമാനം. ഒക്ടോബർ 20 വരെ 273 കമ്പനി കേന്ദ്രസേനയെ ദില്ലിയിൽ തുടരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചു.
അതേസമയം, ജന്തർമന്തറിലേക്ക് അതിക്രമിച്ചുകയറി പ്രതിഷേധിച്ച സംഭവത്തിൽ അറസ്റ്റിലായ സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് രങ്ക, അജിൻക്യ ഷിൻഡെ എന്നിവരെ കോടതി അഞ്ച് ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. ഇവരെ ജയിലിലേക്ക് മാറ്റും.
സുപ്രീംകോടതിയിലെ നടപടികൾ എന്താകുമെന്നത് കാത്തിരുന്ന് കാണണമെന്ന നിലപാടിലാണ് ഇന്ത്യാസഖ്യത്തിലെ നേതാക്കൾ. തുടർപ്രക്ഷോഭങ്ങളുടെ കാര്യത്തിൽ കോടതിയുടെ നടപടികൾ നിർണായകമാകുമെന്നാണ് വിലയിരുത്തൽ.