കശ്മീരിലെ പൂഞ്ചില്‍ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. 25 പേര്‍ക്ക് പരിക്കുപറ്റി. പൂഞ്ച് ജില്ലയിലെ ഘാനി മെന്ദര്‍ ഏരിയയിലാണ് അപകടം നടന്നത്. ചൊവ്വാഴ്ച രാവിലെ 9.20-ഓടെയാണ് ഘാനിയില്‍ നിന്നും മെന്ദറിലേക്ക് പോവുകയായിരുന്ന ബസ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കസ്ബ്ലാരി സ്വദേശി നൂര്‍ ഹുസൈന്‍ (60), ഘാനി സ്വദേശിയായ മൊഹദ് മജീദ് (45) എന്നിവരാണ് മരിച്ചത്.

സിആര്‍പിഎഫ് ജവാന്മാരും പോലീസും പ്രദേശവാസികളും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. പരിക്കേറ്റവരെ മെന്ദര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരില്‍ 9 പേരുടെ നില ഗുരുതരമാണ്. ഗുരുതരപരിക്കുള്ള 5 പേരെ വിദഗ്ധ ചികിത്സയ്ക്കായി ജമ്മുവിലെ സർക്കാർ മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയതായി മെന്ദര്‍ ബ്ലോക്ക് മെഡിക്കല്‍ ഓഫീസര്‍ അഷ്ഫാഖ് ചൗധരി അറിയിച്ചു.

Related Posts