കാശ്മീർ പഹൽഗാം ഭീകരാക്രമണത്തിൽ കേന്ദ്രത്തിനെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. കാശ്മീരിൽ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് 3 ദിവസം മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഇൻ്റലിജൻസ് റിപ്പോർട്ട് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് കാശ്മീർ സന്ദർശനം മോദി മാറ്റിവച്ചതെന്നും ഖാർഗെ ആരോപിച്ചു. ജാർഖണ്ഡിലെ ഭരണഘടനാ സംരക്ഷണ റാലിയിൽ സംസാരിക്കുകയായിരുന്നു ഖാർഗെ, രഹസ്യാന്വേഷണ വിഭാഗത്തിൻ്റെ റിപ്പോർട്ട് അവഗണിച്ചത് എന്തുകൊണ്ടാണ്. കാശ്മീർ പോലീസിനെ അടക്കം ഇക്കാര്യം അറിയിക്കാതിരുന്നതിന് എന്താണ് കാരണമെന്നും ഖാർഗെ ചോദിച്ചു.
പഹൽഗാമിൽ വലിയ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചത്. ഭീകരാക്രമണത്തിന് ശേഷം വിളിച്ച സർവകക്ഷി യോഗത്തിൽ സുരക്ഷാ വീഴ്ച ഉണ്ടായെന്ന കാര്യം സർക്കാർ തന്നെ സമ്മതിച്ചതാണെന്നും ഖാർഗെ പറഞ്ഞു. പഹൽഗാമിൽ ഏപ്രിൽ 22-നാണ് 26 വിനോദ സഞ്ചാരികളെ ഭീകരർ വെടിവച്ച് കൊലപ്പെടുത്തിയത്. മുന്നറിയിപ്പ് ലഭിച്ചതനുസരിച്ച് ഏപ്രിൽ 19-ലെ കാശ്മീർ സന്ദർശനം മോദി മാറ്റി വച്ചെന്നാണ് ആരോപണം. പ്രധാനമന്ത്രിയുടെ കാശ്മീർ സന്ദർശനം പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് മാറ്റിവച്ചതെന്നാണ് അധികൃതരുടെ വിശദീകരണം.