ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ ഒരു ബൈക്ക് യാത്രികനെ നടുറോഡിൽ വെച്ച് അടിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ രോഷം ശക്തമാവുന്നു. ബാംഗ്ലൂർ സിൽക്ക് ബോർഡ് ജംഗ്ഷനിൽ വച്ചാണ് യാത്രക്കാരനെ പോലീസ് തല്ലിയത്. ഈ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. പുറകിൽ വന്ന യാത്രക്കാരനാണ് വീഡിയോ മൊബൈൽ ഫോണിൽ പകർത്തിയത്. പ്രതിഷേധം ശക്തമായതിനെത്തുടർന്ന് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചതായി സൗത്ത് ട്രാഫിക് ഡിസിപി ട്വീറ്റ് ചെയ്തു.
‘നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ, എന്തുകൊണ്ടാണ് അവർക്കെതിരെ നടപടിയെടുക്കാത്തത്? ഇത് പൂർണ്ണമായ അധികാര ദുർവിനിയോഗമാണ്.’ ഒരു യാത്രക്കാരൻ പറഞ്ഞു.
“ഇന്ന് മാറത്തഹള്ളി പാലത്തിന് മുകളിൽ ഒരു വനിതാ ട്രാഫിക് പോലീസുകാരി ഒരാളെ ബൈക്കിൽ നിന്ന് വലിച്ചിഴയ്ക്കുന്നത് ഞാൻ കണ്ടു. അവർ അടിച്ചില്ലെങ്കിലും മനോഭാവം ഒന്നുതന്നെയായിരുന്നു.
തിരക്കേറിയ സമയങ്ങളിൽ തെറ്റായ റൂട്ടിൽ പോകുന്ന ഓട്ടോ ഡ്രൈവർമാർ, ടാങ്കറുകൾ, ഹെവി വാഹന ഡ്രൈവർമാർ എന്നിവർക്കെതിരെയും ഇതേ ധൈര്യം കാണിക്കണം. കർശന നടപടിക്കായി ഞങ്ങൾ കാത്തിരിക്കുകയാണ്. ട്രാഫിക് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണം’ മറ്റൊരു യാത്രക്കാരൻ രോഷത്തോടെ പറഞ്ഞു.