ഗാന്ധിജയന്തി ദിനത്തിൽ മറൈൻ ഡ്രൈവിൽ പ്രതിഷേധ പരിപാടി നടത്താനെത്തിയ കോക്രോച് ജനതാ പാർട്ടി (സിജെപി) സ്ഥാപകൻ അഭിജീത് ദിപ്കെയെ പൊലീസ് തടഞ്ഞുവച്ചു. ബാരിക്കേഡുകളും പ്ലക്കാർഡുകളുമായാണ് ദിപ്കെ സ്ഥലത്തെത്തിയത്.
വനിതാ ഇൻസ്പെക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ദിപ്കെയെ കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീട് മുതിർന്ന ഉദ്യോഗസ്ഥരുടെ ഇടപെടലിനെ തുടർന്ന് വിട്ടയച്ചു. രാഷ്ട്രീയ കാര്യങ്ങൾ സംബന്ധിച്ച് ജനങ്ങളോട് സംസാരിക്കുകയും ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തതിനെ തുടർന്നാണ് സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് പൊലീസ് വിശദീകരിച്ചതായി ദിപ്കെ പറഞ്ഞു. പ്രതിഷേധം വൈകിപ്പിക്കാനുള്ള ശ്രമമായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വോട്ടർപട്ടിക പരിഷ്‌കരണമായ എസ്.ഐ.ആറിൽ ക്രമക്കേടുകൾ ആരോപിച്ച് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ടാണ് സിജെപി ഒക്ടോബർ 2ന് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. എന്നാൽ ശിവജി പാർക്കിലെ സമ്മേളനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്കും ഗതാഗത തടസ്സവും ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നു.