യുഎസ്-ഇന്ത്യ വ്യാപാര കരാർ ഉടൻ ഒപ്പുവെക്കുമെന്ന് പിയൂഷ് ഗോയൽ. ഇന്ത്യയും അമേരിക്കയും തമ്മിൽ നിർദ്ദേശിച്ചിട്ടുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട ചർച്ചകൾ പുരോഗമിക്കുകയാണെന്ന് വാണിജ്യ-വ്യവസായ മന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ഉടൻ തന്നെ ഇരുപക്ഷത്തിനും “നീതിയുക്തവും തുല്യവുമായ” ഒരു കരാറിൽ എത്താൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ഞങ്ങൾ അവരുമായി ഇടപെടൽ തുടരുകയാണ്, ചർച്ചകൾ പുരോഗമിക്കുന്നു. സമീപഭാവിയിൽ നീതിയുക്തവും തുല്യവുമായ ഒരു കരാറിനായി പ്രവർത്തിക്കാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു,” ഗോയൽ പറഞ്ഞു.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 50% ഉയർന്ന താരിഫ് (ചുങ്കം) ഏർപ്പെടുത്തിയതിനെത്തുടർന്ന് ഇന്ത്യ-യുഎസ് വ്യാപാര ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് ഈ ചർച്ചകൾക്ക് പ്രാധാന്യം വർധിക്കുന്നത്. റഷ്യൻ ക്രൂഡ് ഓയിൽ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ചുമത്തിയ 25% അധിക തീരുവ ഉൾപ്പെടെയാണിത്.
ഈ തീരുവകളെ ഇന്ത്യ “അന്യായവും, നീതീകരിക്കാനാവാത്തതും, യുക്തിരഹിതവുമാണ്” എന്ന് വിശേഷിപ്പിച്ചിരുന്നു. ഉയർന്ന താരിഫുകൾ പ്രഖ്യാപിച്ചതിനെത്തുടർന്ന് ഉഭയകക്ഷി ബന്ധം കൂടുതൽ വഷളാവുകയും ചർച്ചകൾ താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു.