രാജ്യത്തെ പരമോന്നത കോടതിയിലെ നീതിനിർവഹണം മെച്ചപ്പെടുത്തുന്നതിന് ദക്ഷിണേന്ത്യയിൽ ഒരു സുപ്രീം കോടതി ബെഞ്ച് സ്ഥാപിക്കേണ്ടത് ആവശ്യമാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ജുഡീഷ്യൽ ഓഫിസർമാരുടെ 22മത് സംസ്ഥാനതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കൃത്രിമബുദ്ധിയുടെ യുഗത്തിൽ ജുഡീഷ്യറിയുടെ പുനർസങ്കൽപ്പം’ എന്നതായിരുന്നു സമ്മേളനത്തിൻ്റെ പ്രമേയം. കേസുകൾ കെട്ടിക്കിടക്കുക എന്നത് നീതി നടപ്പാക്കുന്നതിനെ ഗുരുതരമായി ബാധിക്കുന്ന ആശങ്കയാണ്. ഇത് സാങ്കേതികവിദ്യയിലൂടെ പരിഹരിക്കാൻ സാധിക്കുമെങ്കിലും അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിലൂടെയും കോടതി പ്രക്രിയകൾ നവീകരിക്കുന്നതി ലൂടെയും വ്യവസ്ഥാപിതമായ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിലൂടെയും ഇത് സാധ്യമാകും. – അദ്ദേഹം പറഞ്ഞു.
കൃത്രിമബുദ്ധി ഉപയോഗിച്ച് സൃഷ്ടിക്കപ്പെട്ട തെളിവുകൾ നിയമവ്യവസ്ഥക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കും. സഹാനുഭൂതി, അനുഭവത്തിൽനിന്നും ഉരുത്തിരിയുന്ന ജ്ഞാനം, ധാർമിക യുക്തി എന്നിവക്ക് പകരംവെക്കാൻ ഒരു അൽഗോരിതത്തിനും കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സുപ്രീം കോടതി ജഡ്മിമാരായ ബി.വി. നാഗരത്ന, അരവിന്ദ് കുമാർ, കർണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിഭു ബത്രു എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.