ഇന്ത്യയുമായി എല്ലാ തര്‍ക്കങ്ങളും പരിഹരിക്കാന്‍ സംയോജിത ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പാക് ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ഇസ്ഹാഖ് ദര്‍. പാക് പാര്‍ലമെൻ്റിൻ്റെ ഉപരിസഭയായ സെനറ്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മെയ് 18 വരെ വെടിനിർത്തൽ നീട്ടിയതായും അദ്ദേഹം അവകാശപ്പെട്ടു.

ഇന്ത്യ-പാക് സൈനിക തലത്തിൽ നടന്ന ചർച്ചയിലാണ് വെടിനിർത്തൽ നീട്ടിയത്. എല്ലാ പ്രശ്ന‌ങ്ങളും പരിഹരിക്കുന്നതിന് ആത്യന്തികമായി രാഷ്ട്രീയ സംഭാഷണം നടക്കേണ്ടതുണ്ട്. സംയോജിതമായി ചർച്ച നടത്തുമെന്ന് ഞങ്ങൾ ലോകത്തോട് പറഞ്ഞിട്ടുണ്ട്. ഇസ്ഹാഖ് ദർ പറഞ്ഞു. എന്നാൽ പാക് ഉപപ്രധാനമന്ത്രിയുടെ പ്രസ്താവനയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല.

പാക് അധിനിവേശ കാശ്‌മീർ, ഭീകരത എന്നീ വിഷയങ്ങളിൽ മാത്രമേ പാകിസ്താനുമായി ചർച്ചയുള്ളൂവെന്ന് നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. കാശ്‌മീർ വിഷയത്തിൽ ഇടപെടൽ നടത്താമെന്ന് യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ് വാഗ്‌ദാനം ചെയ്‌ത പശ്ചാത്തലത്തിൽ കൂടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്‌താവന. ഓപ്പറേഷൻ സിന്ദൂരിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചപ്പോഴായിരുന്നു ഇന്ത്യൻ നിലപാട് വ്യക്തമാക്കിയത്.

സിന്ധു നദീജല ഉടമ്പടി നിയമവിരുദ്ധമായി നിർത്തിവച്ചതിലൂടെ പാകിസ്താൻ്റെ വെള്ളം തടയാനുള്ള ഏതൊരു ശ്രമത്തെയും യുദ്ധനടപടിയായി കണക്കാക്കുമെന്നും പാക് ഉപപ്രധാനമന്ത്രി പറയുകയുണ്ടായി. എന്നാൽ വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ലെന്ന് പ്രധാനമന്ത്രി നേരത്തെ ഇത് സംബന്ധിച്ച് പാകിസ്‌താന് മറുപടി നൽകിയിരുന്നു.

‘ഇത് യുദ്ധത്തിൻ്റെ കാലഘട്ടമല്ല. ഭീകരതയുടേതുമല്ല. ഇന്ത്യ ശക്തമാവുകയാണ്. അപ്പോൾ ശക്തിപ്രകടിപ്പിക്കേണ്ടതായും വരും. ഭീകരതയ്‌ക്കൊപ്പം ചർച്ചയും വ്യാപാരവും ഒന്നിച്ചു പോകില്ല. വെള്ളവും രക്തവും ഒന്നിച്ചൊഴുകില്ല.’ പ്രധാനമന്ത്രി വ്യക്തമാക്കുകയുണ്ടായി.

Related Posts