കശ്മീർ പഹൽഗാം ഭീകരാക്രമണത്തിനുള്ള ഇന്ത്യയുടെ തിരിച്ചടിയായ ഓപ്പറേഷൻ സിന്ദൂർ സർജിക്കൽ സ്ട്രൈക്കിനെക്കുറിച്ച് വിശദീകരിക്കാൻ കേന്ദ്രസർക്കാർ സർവകക്ഷി യോഗം വിളിച്ചു. പാർലമെൻ്റ് ലൈബ്രറി കെട്ടിടത്തിലെ ജി -074ൽ വെച്ച് വ്യാഴാഴ്ച 11 മണിക്ക് യോഗം ചേരുമെന്നാണ് കേന്ദ്രമന്ത്രി കിരൺ റിജിജു ‘എക്സ്’ പ്ലാറ്റ്ഫോമിൽ അറിയിച്ചത്. ഇതര രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളുടെ മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച നടത്തി.

പഞ്ചാബ്, രാജസ്ഥാൻ, ഗുജറാത്ത്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ബിഹാർ, സിക്കിം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, ഡിജിപി, കാബിനറ്റ് സെക്രട്ടറിമാർ അടക്കമുള്ളവരുമായാണ് അമിത് ഷാ കൂടിക്കാഴ്ച നടത്തിയത്. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിലാണ് ഓൺലൈൻവഴി ഉന്നതതല യോഗം ചേർന്നത്. പ്രത്യാക്രമണത്തിൻ്റെ പശ്ചാത്തലത്തിൽ ഇന്നുചേർന്ന മന്ത്രിസഭാ യോഗത്തിൽ പ്രതിരോധ സേനകളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇത് അഭിമാന നിമിഷമെന്നാണ് അദ്ദേഹം പറഞ്ഞത്.

Related Posts