തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നേതൃത്വം നൽകുന്ന തമിഴക വെട്രി കഴകം (TVK) സർക്കാരിൻ്റെ ആദ്യ സമ്പൂർണ ബജറ്റ് ധനമന്ത്രി മേരി വിൽസൺ ബുധനാഴ്ച നിയമസഭയിൽ അവതരിപ്പിച്ചു. ജനക്ഷേമ പദ്ധതികൾക്കും സാമ്പത്തിക പുനരുജ്ജീവനത്തിനും പ്രാധാന്യം നൽകിയാണ് ബജറ്റ് തയ്യാറാക്കിയിരിക്കുന്നത്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ‘അണ്ണൻ സീർ തിട്ടം’ പദ്ധതിയിലൂടെ വിവാഹിതരാകുന്ന വധുക്കൾക്ക് എട്ട് ഗ്രാം (ഒരു പവൻ) സ്വർണ നാണയവും പട്ടുസാരിയും നൽകും. പദ്ധതിക്കായി 812 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

വിദ്യാഭ്യാസ മേഖലയിലും നിർണായക പ്രഖ്യാപനമാണ് ബജറ്റിലുള്ളത്. നീറ്റ് പരീക്ഷ റദ്ദാക്കി, പ്ലസ് ടു മാർക്കിൻ്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം പുനഃസ്ഥാപിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് തമിഴ്‌നാട് വീണ്ടും ആവശ്യപ്പെട്ടു. സംസ്ഥാനത്തിൻ്റെ ദീർഘകാല ആവശ്യമാണ് ഇതെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തിൽ പറഞ്ഞു.

അതേസമയം, മുൻ ഡി.എം.കെ സർക്കാരിൽ നിന്ന് പാരമ്പര്യമായി ലഭിച്ച സാമ്പത്തിക പ്രതിസന്ധിയും കനത്ത കടബാധ്യതയും ചൂണ്ടിക്കാട്ടിയാണ് ബജറ്റ് അവതരിപ്പിച്ചത്. കഴിഞ്ഞ മാസം പുറത്തിറക്കിയ ധവളപത്രം പ്രകാരം സംസ്ഥാനത്തിൻ്റെ നേരിട്ടുള്ള കടം 10 ലക്ഷം കോടി രൂപയും, പൊതുമേഖലാ സ്ഥാപനങ്ങളുടെ കടം ഉൾപ്പെടെ ആകെ ബാധ്യത 13.18 ലക്ഷം കോടി രൂപയുമാണ്. ഇതോടെ സംസ്ഥാനത്തെ ഓരോ പൗരൻ്റെയും പേരിൽ ശരാശരി 1.28 ലക്ഷം രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കടങ്ങളുടെ പലിശ തിരിച്ചടവ് 61 ശതമാനം വർധിച്ചതായും, സംസ്ഥാനത്തിന്റെ വരുമാനക്കമ്മി 78,324 കോടി രൂപയിലെത്തിയതായും ബജറ്റ് രേഖകൾ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തിക വെല്ലുവിളികൾ മറികടക്കുന്നതിനൊപ്പം ക്ഷേമപദ്ധതികൾക്ക് മുൻഗണന നൽകുന്നതാണ് വിജയ് സർക്കാരിന്റെ ആദ്യ ബജറ്റിന്റെ പ്രധാന സവിശേഷത.

Related Posts