ഇറാനുമായി യാതൊരുവിധ ഉടമ്പടികൾക്കോ ചർച്ചകൾക്കോ തയ്യാറല്ലെന്നും ‘നിരുപാധികമായ കീഴടങ്ങൽ’ മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക പോംവഴിയെന്നും അമേരിക്കൻ പ്രസിഡണ്ട് ഡോണാൾഡ് ട്രംപ്. തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘ട്രൂത്ത് സോഷ്യൽ വഴിയാണ് ട്രംപ് ഇറാൻ ഭരണകൂടത്തിന് അന്ത്യശാസനം നൽകിയത്. ഇറാനിലെ നിലവിലെ ഭരണകൂടത്തെ മാറ്റി താൻ അംഗീകരിക്കുന്ന പുതിയ നേതൃത്വം വരികയാണെങ്കിൽ, തകർച്ചയുടെ വക്കിലെത്തിയ ആ രാജ്യത്തെ സാമ്പത്തികമായി പുനർനിർമ്മിക്കാൻ സഹായിക്കുമെന്നും ട്രംപ് വാഗ്ദാനം ചെയ്തു‌.

ഇറാൻ കീഴടങ്ങാൻ തയ്യാറായാൽ അമേരിക്കയും സഖ്യകക്ഷികളും ചേർന്ന് ആ രാജ്യത്തെ എന്നത്തേക്കാളും വലുതും ശക്തവുമാക്കുമെന്ന് ട്രംപ് പറഞ്ഞു. തന്റെ പ്രശസ്ത‌മായ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന മുദ്രാവാക്യത്തിന് സമാനമായി ‘മേക്ക് ഇറാൻ ഗ്രേറ്റ് എഗെയ്ൻ’ എന്ന പുതിയ ലക്ഷ്യവും അദ്ദേഹം പങ്കുവെച്ചു. എന്നാൽ പുതിയതും സ്വീകാര്യവുമായ നേതൃത്വം രാജ്യഭരണം ഏറ്റെടുത്താൽ മാത്രമേ ഈ സഹായങ്ങൾ ലഭ്യമാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Posts