ഗവർണർ- സർക്കാർ തർക്കത്തെത്തുടർന്ന് കേരളത്തിലെ ഡിജിറ്റൽ, സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരെ സുപ്രീംകോടതി നേരിട്ട് നിയമിക്കും. വിസി നിയമനത്തിനുള്ള മുൻഗണനാ പട്ടിക തയാറാക്കി കൈമാറാൻ ജസ്റ്റീസ് സുധാൻഷു ധുലിയയോട് സുപ്രീം കോടതി നിർദേശിച്ചു.
മുദ്ര വച്ച കവറിൽ ഒരാഴ്ചയ്ക്കകം റിപ്പോർട്ട് നൽകാനാണ് സുപ്രീംകോടതി നിയോഗിച്ച ധൂലിയ കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുള്ളത്. പട്ടികയിൽനിന്ന് വൈസ് ചാൻസലറെ നിയമിച്ച് കൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച്ച പുറത്തിറക്കുമെന്ന് ജസ്റ്റീസുമാരായ ജെ.ബി. പർദിവാല, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ സുപ്രീം കോടതി ബെഞ്ച് വ്യക്തമാക്കി.
വൈസ് ചാൻസലർമാരുടെ നിയമനവുമായി ബന്ധപ്പെട്ട് ഗവർണറും മന്ത്രിമാരും വീണ്ടും ചർച്ച നടത്തിയെങ്കിലും സമവായത്തിലെത്താനായില്ലെന്ന് കോടതിയെ അറിയിച്ചു. തുടർന്നാണ് നിയമനം നടത്താൻ സുപ്രീം കോടതി തീരുമാനിച്ചത്.
വൈസ് ചാൻസലർ ആയി സിസ തോമസിനെ നിയമിക്കുന്നതിനോട് മാത്രമാണ് തങ്ങളുടെ എതിർപ്പെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. പാനലിലുള്ള മറ്റാരെ വേണമെങ്കിലും നിയമിക്കാമെന്നും സർക്കാർ വ്യക്തമാക്കി.