വിവാഹം കഴിഞ്ഞ് രണ്ട് മാസം പൂർത്തിയാകുന്നതിന് മുമ്പ് നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഡോക്ടറായ ഭർത്താവ് അറസ്റ്റിൽ. മുംബൈയ്ക്കു സമീപമുള്ള അമ്പർനാഥിലാണ് സംഭവം. 26-കാരിയായ വിശാഖ തിൽക്കറുടെ മരണവുമായി ബന്ധപ്പെട്ടാണ് ഭർത്താവ് നിതിൻ തിൽക്കറിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിൽ 30-നാണ് വിശാഖയും നിതിനും വിവാഹിതരായത്. വിവാഹശേഷം സ്ത്രീധനത്തിൻ്റെ പേരിൽ യുവതി നിരന്തരം മാനസികവും ശാരീരികവുമായി പീഡനങ്ങൾ നേരിട്ടിരുന്നുവെന്ന് കുടുംബം ആരോപിക്കുന്നു.
വിശാഖയുടെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നതിനായി വീടിനകത്തും കിടപ്പുമുറിയിലടക്കം സിസിടിവി ക്യാമറകൾ സ്ഥാപിച്ചിരുന്നതായും ബന്ധുക്കൾ പറയുന്നു. സ്വകാര്യത പൂർണമായും നിഷേധിക്കപ്പെട്ട സാഹചര്യത്തിൽ യുവതി കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് ആരോപണം.
ആരോടെങ്കിലും സംസാരിച്ചതിൻ്റെ പേരിൽ പോലും വിശാഖയെ മർദിച്ചിരുന്നുവെന്ന് കുടുംബം ആരോപിച്ചു. ആത്മഹത്യയ്ക്ക് രണ്ട് ദിവസം മുമ്പ് അയൽവാസിയുമായി സംസാരിച്ചതിൻ്റെ പേരിൽ ഭർത്താവ് മർദിച്ചതായും ബന്ധുക്കൾ വെളിപ്പെടുത്തി. സംഭവത്തിൽ കേസെടുത്ത പൊലീസ് സ്ത്രീധന പീഡനവും ആത്മഹത്യാപ്രേരണയും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം അന്വേഷണം തുടരുകയാണ്.