നീറ്റ് യുജി പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ 13 പ്രതികൾക്കെതിരെ സിബിഐ ആദ്യ കുറ്റപത്രം സമർപ്പിച്ചു. സിബിഐയുടെ സാമ്പത്തിക കുറ്റകൃത്യ വിഭാഗമാണ് ഡൽഹിയിലെ റൗസ് അവന്യൂ കോടതിയിൽ കുറ്റപത്രം നൽകിയത്. അന്വേഷണത്തിൽ, പരീക്ഷയ്ക്ക് മുൻപ് ചോർന്ന 42 ചോദ്യങ്ങളും യഥാർഥ നീറ്റ് യുജി ചോദ്യപ്പേപ്പറിലെ ചോദ്യങ്ങളുമായി പൂർണമായും ഒത്തുപോകുന്നതായി കണ്ടെത്തി. ചോദ്യപ്പേപ്പർ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റതായും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.
അഴിമതി നിരോധന നിയമവും പൊതുപരീക്ഷാ നിയമവും ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് ഇന്ന് പ്രത്യേക ഫാസ്റ്റ് ട്രാക്ക് കോടതി പരിഗണിക്കും. ഡോ. മനോജ് ശിരൂർ, മംഗിലാൽ ബിവാൾ, മനീഷ ഹവിൽദാർ എന്നിവരടക്കം കേസിൽ അറസ്റ്റിലായ 13 പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.