നമ്മ മെട്രോ തങ്ങളുടെ ഏറ്റവും വലിയ ഇടനാഴി വികസിപ്പിക്കാനൊരുങ്ങുന്നു. ബെംഗളൂരുവിലെ പുതിയ അന്താരാഷ്ട്ര കായിക സമുച്ചയത്തിലേക്ക് ഒരു പുതിയ ബ്രാഞ്ച് ലൈൻ സ്ഥാപിച്ചുകൊണ്ടാണ് ഈ വികസനം. ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബി എം ആർ സി എൽ)) 68 കിലോമീറ്റർ മെട്രോ പാതയുടെ സാധ്യത പഠനം പൂർത്തിയാക്കി. ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാരയെ വൈറ്റ്ഫീൽഡിനടുത്തുള്ള കടുകോടി ട്രീ പാർക്കുമായി ബന്ധിപ്പിക്കുന്നതായിരിക്കും പാത. ബന്നാർഘട്ട, ജിഗനി, സർജാപുർ, അത്തിബലെ, ദൊമ്മാസന്ദ്ര സർക്കിൾ, വർതൂർ കോടി തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ ലൈൻ നഗരത്തിലെ പ്രധാന ടെക് ഹബുകൾക്ക് പ്രയോജനപ്പെടും. പാതയുടെ അലൈൻമെന്റ്, ട്രാഫിക് ഡിമാൻഡ്, ഭൂമി ഏറ്റെടുക്കൽ, ചെലവ് കണക്കുകൾ, സ്റ്റേഷനുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം എന്നിവ ഉൾക്കൊള്ളുന്ന പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. ഡൽഹി ആസ്ഥാനമായുള്ള ഇൻട്രോസോഫ്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ഇതിൻ്റെ ചുമതല.
കർണാടകം സർക്കാർ ബെംഗളൂരുവിൽ 2,350 കോടി രൂപ ചെലവിൽ ഒരു അന്താരാഷ്ട്ര കായിക സമുച്ചയത്തിന് അംഗീകാരം നൽകിയിരുന്നു. ആനേക്കൽ താലൂക്കിലെ ഇന്ദലവാടിയിലാണ് ഈ കൂറ്റൻ പദ്ധതി ഒരുങ്ങുക. കായിക സമുച്ചയത്തിലേക്ക് മെട്രോ കണക്റ്റിവിറ്റി ഒരുക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് നിർദേശവും നൽകിയിട്ടുണ്ട്. ഇതുകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സാധ്യതപഠനമാണ് ഇപ്പോൾ കൺസൾട്ടന്റ് നടത്തുന്നത്. ഇതോടെ പാതയുടെ ആകെ ദൈർഘ്യം 72 കിലോമീറ്ററായി വർധിക്കും. സാധ്യത റിപ്പോർട്ട് ഒക്ടോബർ അവസാനത്തോടെ സംസ്ഥാന സർക്കാരിന് സമർപ്പിക്കാനാണ് ബിഎംആർസിഎൽ പദ്ധതിയിടുന്നത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ഡിപിആർ നടപടികളിലേക്ക് കടക്കുമെന്ന് കമ്പനി അറിയിച്ചു. ഡിപിആർ തയ്യാറാക്കാൻ സാധാരണയായി ഒരു വർഷവും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ അനുമതികൾക്ക് രണ്ട് വർഷം വരെയും എടുത്തേക്കാം. അനുമതികൾ ലഭിച്ചാൽ 2029-ഓടെ നിർമ്മാണം ആരംഭിക്കുകയും അഞ്ചു മുതൽ പത്ത് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയും ചെയ്യും.