ദസറ ആഘോഷങ്ങളുടെ ഭാഗമായി ഇന്ത്യൻ വ്യോമസേനയുടെ സൂര്യകിരൺ എയറോബാറ്റിക് ടീം നടത്തുന്ന എയർ ഷോ ഇന്നും (ഒക്ടോബർ 18), നാളെയും (ഒക്ടോബർ 19) നടക്കും. മൈസൂരുവിലെ ബന്നിമണ്ടപ് പരേഡ് ഗ്രൗണ്ടിലാണ് വ്യോമാഭ്യാസ പ്രകടനം. രണ്ടു ദിവസവും രാവിലെ 10 മണി മുതലാണ് പരിപാടി.
ഒൻപത് ഹോക്ക് എംകെ-132 വിമാനങ്ങൾ പങ്കെടുക്കുന്ന പ്രകടനത്തിൽ ആകാശത്തിലെ അഭ്യാസപ്രകടനങ്ങളും വിവിധ രൂപത്തിലുള്ള പറക്കലുകളും ത്രിവർണ പുകവിസ്മയവും ആസ്വദിക്കാം. എയർ ഷോയ്ക്കു മുന്നോടിയായി ശനിയാഴ്ച നഗരത്തിനു മുകളിലൂടെ വിമാനങ്ങൾ പരിശീലനപ്പറക്കൽ നടത്തിയിരുന്നു.
പ്രകടനം കാണാൻ എത്തുന്നവർ നേരത്തെ സ്ഥലത്തെത്തണമെന്ന് സംഘാടകർ നിർദേശിച്ചിട്ടുണ്ട്. പരിപാടി നടക്കുന്ന വേദിയുടെ ഒരു കിലോമീറ്റർ പരിധിയിൽ സാധാരണക്കാർ ഡ്രോണുകൾ പറത്തുന്നതിനും നിയന്ത്രണമുണ്ട്.