ബെംഗളൂരു-മൈസൂർ ദേശീയപാതയിൽ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവറും കണ്ടക്ടറും മരിച്ച സംഭവത്തിൽ ദുരൂഹത വർധിക്കുന്നു. കവർച്ച ലക്ഷ്യമിട്ട് ബസിന് നേരെ മുട്ടയേറ് നടത്തിയതാകാമെന്ന സംശയത്തിലാണ് അന്വേഷണം.
ബസിൻ്റെ ഷാസിക്ക് മുകളിൽ പൊട്ടിയ മുട്ടയുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയതോടെയാണ് സംശയം ശക്തമായത്. മുട്ടയുടെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ ഫോറൻസിക് പരിശോധന ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടായേക്കും.
ബെംഗളൂരു-മൈസൂർ ദേശീയപാതയിൽ കേരള രജിസ്ട്രേഷൻ വാഹനങ്ങൾക്ക് നേരെ ആക്രമണം പതിവാണെന്നും, പലപ്പോഴും കവർച്ച ലക്ഷ്യമിട്ടാണ് ഇത്തരം ആക്രമണങ്ങൾ നടക്കുന്നതെന്നുമാണ് ആരോപണം.
കഴിഞ്ഞ ദിവസം ഇതേ പാതയിലൂടെ സഞ്ചരിച്ച കെഎസ്ആർടിസി ബസിൻ്റെ മുൻവശത്തെ ഗ്ലാസിലും മുട്ടയേറ് നടന്നിരുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സി.പി. ജോൺ കർണാടക സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അന്വേഷണം ആവശ്യപ്പെട്ട് കെഎസ്ആർടിസിയും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
മുട്ടയേറ് നടന്നതിനെ തുടർന്നാണോ ബസ് നിയന്ത്രണം വിട്ടതെന്നും പരിശോധിക്കുന്നുണ്ട്. ഡിവൈഡറിൽ ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടത്തിൽ ഡ്രൈവറും കണ്ടക്ടറും മരിക്കുകയും 20 യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംഭവത്തിന് പിന്നിൽ കവർച്ച സംഘങ്ങളുണ്ടോയെന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.