മൈസൂരു വിമാനത്താവളത്തിൻ്റെ രണ്ടാംഘട്ട റൺവേ വികസനം ഉടൻ ആരംഭിക്കും. വികസനപദ്ധതിക്ക് ആവശ്യമായ 206 ഏക്കർ ഭൂമിയിൽ 160 ഏക്കർ ഇതിനകം ഏറ്റെടുത്തുകഴിഞ്ഞു. 36 ഏക്കറിന് നഷ്ടപരിഹാരം നൽകാനുണ്ട്. രണ്ടാം ഘട്ടത്തിൽ 80 ഏക്കർകൂടി ഏറ്റെടുക്കാൻ എയർപോർട്ട് അതോറിറ്റി നിർദേശിച്ചിട്ടുണ്ട്. ഇതിനായി സംസ്ഥാന-കേന്ദ്ര സർക്കാരുകൾ കരാറിലെത്തിയിട്ടുണ്ട്.
ചില കർഷകർ തങ്ങളുടെ ഭൂമി വിട്ടുകൊടുക്കാൻ വിസമ്മതം പ്രകടിപ്പിച്ചിട്ടുണ്ട്. നിയമപരമായ വ്യവസ്ഥകൾ പ്രകാരം, ഭൂവുടമകളുടെപേരിൽ ബാങ്ക് അക്കൗണ്ടുകൾ തുറന്ന് നഷ്ടപരിഹാരത്തുക നേരിട്ട് നിക്ഷേപിച്ച് ഭൂമി ഏറ്റെടുക്കലുമായി മുന്നോട്ടുപോകാൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു.
ഏറ്റെടുത്ത ഭൂമിയിൽ മൂന്ന് കനാലുകളും ഒട്ടേറെ വൈദ്യുത പോസ്റ്റുകളും ലൈനുകളും ഉൾപ്പെടുന്നുണ്ട്. ഇവ മാറ്റിസ്ഥാപിക്കുന്നതിനും പുനർരൂപകല്പന ചെയ്യുന്നതിനുമായി സംസ്ഥാന സർക്കാർ ചെറുകിട ജലസേചന വകുപ്പിനും കർണാടക പവർ ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡിനും (കെപിടിസിഎൽ) ഫണ്ടനുവദിച്ചു. അടുത്ത ദിവസങ്ങളിൽ ഇതിൻ്റെ പണി ആരംഭിക്കും. റൺവേ വികസനം സുഗമമാക്കുന്നതിന് മൈസൂരു നഞ്ചൻകോട് ഹൈവേ അലൈൻമെന്റിൽ മാറ്റം വരുത്തും. വിമാനത്താവള പരിസരത്ത് മൂന്ന് കിലോമീറ്റർ തുരങ്കം നിർമ്മിക്കും. റൺവേക്ക് താഴെയായി കടന്നുപോകുന്ന തുരങ്കഭാഗം ഉൾപ്പെടുന്ന മൂന്ന് കിലോമീറ്റർ ബൈപ്പാസ് റോഡ് നിർമ്മിക്കാനാണ് പുതിയ നിർദേശം. അന്തിമാംഗീകാരത്തിനായി കാത്തിരിക്കുകയാണ്. അനുമതി ലഭിച്ചാൽ ടെൻഡർ നടപടികൾ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.