ഇന്ധനം വിതരണം ചെയ്യുന്നതിലെ അളവ് സംബന്ധമായ ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് കർണാടകയിൽ 101 പെട്രോൾ പമ്പുകൾക്കെതിരെ നടപടി. സംസ്ഥാന നിയമ അളവുതൂക്ക വകുപ്പ് നടത്തിയ പരിശോധനയിലാണ് പമ്പുകളിൽ മീറ്ററിൽ കാണിക്കുന്ന അളവിനേക്കാൾ കുറവ് ഇന്ധനം നൽകുന്നതായി കണ്ടെത്തിയത്.
പെട്രോൾ, ഡീസൽ പമ്പുകളിലെ ഫ്യൂവൽ ഡിസ്പെൻസിങ് യൂണിറ്റുകളിലാണ് പരിശോധന നടത്തിയത്. ഉപഭോക്താക്കൾക്ക് കൃത്യമായ അളവിൽ ഇന്ധനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനും ക്രമക്കേടുകൾ തടയുന്നതിനുമായാണ് പരിശോധന ശക്തമാക്കിയത്.
നിയമലംഘനം കണ്ടെത്തിയ പമ്പുകൾക്കെതിരെ പിഴ ഉൾപ്പെടെയുള്ള നിയമനടപടികൾ സ്വീകരിച്ചതായാണ് റിപ്പോർട്ട്. ഇന്ധനവിതരണത്തിലെ അളവ് കൃത്യത ഉറപ്പാക്കാൻ തുടർ പരിശോധനകളും നടത്തുമെന്ന് അധികൃതർ അറിയിച്ചു.