സംസ്ഥാനത്തെ കോളജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1,000 രൂപ സ്കോളർഷിപ്പ് നൽകുന്ന പദ്ധതി ഈ അധ്യയന വർഷം തന്നെ നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ അറിയിച്ചു. പദ്ധതിയുടെ പ്രാരംഭ നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ടെന്നും സർക്കാർ വാഗ്ദാനം പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്നും മന്ത്രി വ്യക്തമാക്കി.
സ്ത്രീകൾക്കായി കെ.എസ്.ആർ.ടി.സി.യിൽ സൗജന്യ യാത്രാ പദ്ധതി തിങ്കളാഴ്ച മുതൽ ആരംഭിക്കാനിരിക്കെയാണ് സ്കോളർഷിപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട പ്രഖ്യാപനവും മന്ത്രി നടത്തിയത്.
അതേസമയം, കൃത്രിമ ബുദ്ധി (എ.ഐ.) ഐച്ഛിക വിഷയമായി പഠിക്കാൻ നിലവിൽ വിദ്യാർഥികൾക്ക് പരിമിതികളുണ്ടെന്ന കാര്യം സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതുസംബന്ധിച്ച മാനദണ്ഡങ്ങളിൽ മാറ്റം വരുത്തുന്നത് പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു.
ബിരുദതലം വരെ സൗജന്യ വിദ്യാഭ്യാസം ഉറപ്പാക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. സർവകലാശാലകളുടെ ദൈനംദിന പ്രവർത്തനങ്ങളിൽ ഗവർണർ ഇടപെടൽ ആരംഭിച്ചത് ഇടത് സർക്കാരിന്റെ കാലത്താണെന്നും അദ്ദേഹം ആരോപിച്ചു.
വിദ്യാഭ്യാസ മേഖല ഉൾപ്പെടെ യാതൊരു മേഖലയിലും ‘കാവിവൽക്കരണം’ അനുവദിക്കില്ലെന്നും യു.ഡി.എഫ്. സർക്കാർ മതേതര മൂല്യങ്ങൾ സംരക്ഷിച്ച് മുന്നോട്ടുപോകുമെന്നും റോജി എം. ജോൺ കൂട്ടിച്ചേർത്തു.