അറബിക്കടലിൽ കപ്പൽ മുങ്ങിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാർത്തകളിൽ ഏറെയും അടിസ്ഥാനരഹിതമാണെന്ന് മന്ത്രി സജി ചെറിയാൻ. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ല, ജാഗ്രത മതി. കടൽത്തീരത്ത് വിഷാംശമുള്ള മാലിന്യങ്ങളാണ് അടിഞ്ഞതെന്ന തരത്തിലാണ് വാർത്തകൾ പ്രചരിക്കുന്നത്. എന്നാൽ അപകടകരമായ സാഹചര്യം എവിടെയും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. ആരും മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യം കഴിക്കാൻ പാടില്ലെന്ന തരത്തിൽ വ്യാപക പ്രചരണം നടന്നു.
മത്സ്യം വാങ്ങുന്ന ആളുകളുടെ എണ്ണം ഇതേ തുടർന്ന് കുറഞ്ഞു. തെറ്റായ പ്രചാരണത്തെ തുടർന്ന് മത്സ്യത്തൊഴിലാളികൾ പ്രയാസം നേരിടുകയാണ്. ആലപ്പുഴ, കൊച്ചി തിരുവനന്തപുരം, കൊല്ലം തീരഭാഗങ്ങളിൽ നിന്നുള്ള മത്സ്യത്തിന്റെ ഗുണനിലവാരം പരിശോധിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. നിലവിലെ ഭീതി ഒഴിവാക്കുന്നതിനായി ക്യാമ്പയിൻ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.