തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ സത്യനികേതന് സമീപം കെട്ടിടം തകർന്നുവീണ് വൻ അപകടം. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഡൽഹി ഫയർ സർവീസും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു.

കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ഇതുവരെ അഞ്ചുപേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ പേർക്കായി തിരച്ചിൽ തുടരുകയാണ്.

ഡൽഹി സർവകലാശാലയുടെ സൗത്ത് ക്യാംപസിന് സമീപമുള്ള സത്യനികേതനിൽ വിദ്യാർഥികൾ താമസിക്കുന്ന പേയിങ് ഗസ്റ്റ് (പി.ജി) കെട്ടിടമാണ് തകർന്നുവീണത്. ഞായറാഴ്ചയായതിനാൽ നിരവധി വിദ്യാർഥികൾ കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്നതായാണ് വിവരം.

അപകടസമയത്ത് ഏകദേശം 50 വിദ്യാർഥികൾ കെട്ടിടത്തിനുള്ളിലുണ്ടായിരുന്നതായി പ്രദേശവാസിയായ ദൃക്‌സാക്ഷി പറഞ്ഞു. നിലവിൽ 12ഓളം ഫയർ ടെൻഡറുകൾ സ്ഥലത്തെത്തി കോൺക്രീറ്റ് സ്ലാബുകൾ നീക്കം ചെയ്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.

Related Posts