പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് രാജ്യത്ത് എൽപിജിക്ഷാമം രൂക്ഷമായതോടെ, ദീർഘദൂര ട്രെയിനുകളിലെ പാൻട്രി കാറുകളിൽ പാചകം ചെയ്യാൻ പ്രത്യേക അനുമതി നൽകി ഇന്ത്യൻ റെയിൽവേ. അമേരിക്ക-ഇസ്രയേൽ-ഇറാൻ സംഘർഷം മൂലം എൽപിജി വിതരണത്തിലുണ്ടായ തടസം ഐആർസിടിസി വഴി വിതരണം ചെയ്യുന്ന ഭക്ഷണത്തെ ബാധിച്ചതിനാലാണ് ഈ അടിയന്തര നടപടി.
പാൻട്രി കാറുകൾക്കുള്ളിൽ സാധാരണയായി പാചകം ചെയ്യാൻ അനുവാദമില്ലെങ്കിലും, യാത്രക്കാർക്ക് ശുദ്ധമായ ഭക്ഷണം ഉറപ്പാക്കാൻ “പ്രത്യേക കേസ്’ ആയി ഇത് അനുവദിക്കുകയായിരുന്നു. എന്നാൽ പാൻട്രി കാറുകളിൽ തീ ഉപയോഗിക്കാൻ പാടില്ലെന്ന് റെയിൽവേയുടെ കർശന നിർദേശമുണ്ട്.
പകരം മൈക്രോവേവ് ഓവൻ, ഇൻഡക്ഷൻ സ്റ്റൗ തുടങ്ങിയ വൈദ്യുത ഉപകരണങ്ങൾ ഉപയോഗിച്ച് ചായ, ലഘുഭക്ഷണം, ലളിതമായ ഭക്ഷണങ്ങൾ എന്നിവ തയാറാക്കാം. മുംബൈയിൽ നിന്ന് ഡൽഹി, ഹൗറ, ചെന്നൈ, ബംഗളുരു എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന 24 മണിക്കൂറിലധികം യാത്രാ ദൈർഘ്യമുള്ള ട്രെയിനുകൾക്കാണ് ഈ അനുമതി ബാധകമാകുക.