നഗരത്തിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനും വർധിച്ചുവരുന്ന വായുമലിനീകരണത്തിനും പരിഹാരം കാണാൻ സ്വകാര്യ വാഹനങ്ങളിൽ കാർപൂളിംഗ് നിയമാനുസൃതമാക്കാനുള്ള നീക്കവുമായി കർണാടക സർക്കാർ. ഇതുസംബന്ധിച്ച നിർദേശം ബെംഗളൂരു ട്രാഫിക് പൊലീസ് ഗതാഗത കമ്മിഷണർക്ക് കൈമാറിയതായി റിപ്പോർട്ടുകൾ.
നിയമസഭയുടെ നിലവിലെ വർഷകാല സമ്മേളനത്തിൽ പുതിയ കാർപൂളിംഗ് നയം പ്രഖ്യാപിക്കാനാണ് സർക്കാർ ആലോചിക്കുന്നത്. ഇതിലൂടെ സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കുന്നവർക്ക് നിയമപരമായി ഒരേ ലക്ഷ്യസ്ഥാനത്തേക്ക് പോകുന്നവരെ കൂട്ടിക്കൊണ്ട് യാത്ര ചെയ്യാൻ അനുമതി ലഭിക്കുമെന്നാണ് സൂചന.
ബെംഗളൂരുവിൽ ഓരോ ദിവസവും ലക്ഷക്കണക്കിന് സ്വകാര്യ വാഹനങ്ങളാണ് നിരത്തിലിറങ്ങുന്നത്. ഇതാണ് നഗരത്തിലെ ഗതാഗതക്കുരുക്കിനും യാത്രാസമയം വർധിക്കുന്നതിനും പ്രധാന കാരണങ്ങളിലൊന്ന്. കൂടുതൽ പേർ ഒരേ വാഹനം പങ്കുവെച്ച് യാത്ര ചെയ്യുന്ന സാഹചര്യം സൃഷ്ടിച്ചാൽ റോഡിലെ വാഹനങ്ങളുടെ എണ്ണം കുറയുകയും ട്രാഫിക് നിയന്ത്രിക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
കാർപൂളിംഗ് വ്യാപകമാകുന്നതിലൂടെ ഇന്ധന ഉപഭോഗം കുറയുകയും യാത്രാച്ചെലവ് പങ്കിടാൻ കഴിയുകയും കാർബൺ പുറന്തള്ളൽ കുറയുന്നതിലൂടെ വായുമലിനീകരണം നിയന്ത്രിക്കാനാകുകയും ചെയ്യും. പ്രത്യേകിച്ച് ഐ.ടി. ഇടനാഴികളായ ഇലക്ട്രോണിക് സിറ്റി, വൈറ്റ്ഫീൽഡ്, ഔട്ടർ റിംഗ് റോഡ്, ഹെബ്ബാൾ, സിൽക്ക് ബോർഡ് തുടങ്ങിയ മേഖലകളിൽ കാർപൂളിംഗ് ഫലപ്രദമാകുമെന്നാണ് പ്രതീക്ഷ.
നിലവിൽ സ്വകാര്യ വാഹനങ്ങൾ ഉപയോഗിച്ച് പ്രതിഫലം വാങ്ങി യാത്രക്കാരെ കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട നിയമപരമായ ആശയക്കുഴപ്പങ്ങൾ നിലനിൽക്കുന്ന സാഹചര്യത്തിലാണ് വ്യക്തമായ നയം കൊണ്ടുവരാൻ സർക്കാർ തയ്യാറെടുക്കുന്നത്. പുതിയ നയം നിലവിൽ വന്നാൽ കാർപൂളിംഗിന് വ്യക്തമായ നിയമപരിരക്ഷയും മാർഗനിർദേശങ്ങളും ലഭിക്കുമെന്നാണ് പ്രതീക്ഷ.