കർണാടകയിലെ നേതൃമാറ്റം എഐസിസി നേതൃത്വം ചർച്ച ചെയ്യുമെന്ന സൂചനയ്ക്കിടെ, സിദ്ധരാമയ്യ പക്ഷത്തെ നേതാക്കൾ കഴിഞ്ഞ ദിവസം രഹസ്യയോഗം ചേർന്നു. മന്ത്രി ബൈരതി സുരേഷിൻ്റെ വസതിയിലാണു മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുയായികളും യോഗം ചേർന്നത്. മന്ത്രിമാരായ ജി.പരമേശ്വര, എച്ച്.സി.മഹാദേവപ്പ, ദിനേഷ് ഗുണ്ടുറാവു, സമീർ അഹമ്മദ് ഖാൻ തുടങ്ങിയവരാണു യോഗത്തിൽ പങ്കെടുത്തത്.
ബെംഗളുരു നിയമസഭാ തിരഞ്ഞെടുപ്പു ഫലം വരുന്ന മേയ് 4നു ശേഷം നേതൃമാറ്റം ചർച്ച ചെയ്യുമെന്നാണ് സൂചന. മുഖ്യമന്ത്രി സ്ഥാനത്തിനായി ശിവകുമാർ വീണ്ടും ആവശ്യമുന്നയിച്ചാൽ നേരിടാനുള്ള തന്ത്രങ്ങളാണു മെനയുന്നത്. മേയ് 21നു സിദ്ധരാമയ്യ സർക്കാർ 3 വർഷം പൂർത്തിയാക്കും. ഇതിനിടെ മുതിർന്ന കോൺഗ്രസ് എംഎൽഎമാർ പുനഃസംഘടന ആവശ്യപ്പെട്ടു വീണ്ടും ഡൽഹി സന്ദർശിക്കാൻ ഇടയുണ്ട്.