ആശാ വർക്കർമാരുടെ പ്രതിഫലം വർധിപ്പിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നഡ്ഡ പാർലമെന്റിൽ. എല്ലാ കുടിശികയും കേരളത്തിനു നൽകിയെന്നും കേന്ദ്രവിഹിതത്തിൽ വീഴ്ച്ച ഉണ്ടായിട്ടില്ലെന്നും അദ്ദേഹം രാജ്യസഭയിൽ പറഞ്ഞു.
നൽകാനുള്ള വിഹിതം കേന്ദ്രം നൽകിയിട്ടുണ്ട്. എന്നാൽ പണം വിനിയോഗിച്ചതിനു ള്ള വിശദാംശങ്ങൾ കേരളം നൽകിയിട്ടില്ല. ആരോഗ്യ മേഖലയിലെ നേട്ടങ്ങളിൽ ആശാവർക്കർമാരെ പങ്കുണ്ടെന്നും അവരുടെ കഠിനാധ്വാനത്തെ അഭിനന്ദിക്കുന്നുവെന്നും നഡ്ഡ രാജ്യസഭയിൽ അഭിപ്രായപ്പെട്ടു. പി.സന്തോഷ് കുമാർ എംപിയുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് കേന്ദ്ര ആരോഗ്യമന്ത്രിയുടെ പ്രസ്താവന.
ആശാ വർക്കർമാരുടെ വേതനം ഉയർത്താൻ കേന്ദ്ര സർക്കാർ തയാറാകുമോയെന്നാണ് സന്തോഷ് കുമാർ എംപി ചോദിച്ചത്. ഇതിനു മറുപടിയായി, എൻഎച്ച്എം യോഗം കഴിഞ്ഞയാഴ്ച ചേർന്നിരുന്നുവെന്നും ആശ വർക്കർമാരുടെ ധനസഹായം വർധിപ്പിക്കാൻ തീരുമാനിച്ചുവെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തിലെ ആശാവർക്കർമാരുടെ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് സംസ്ഥാനത്തു നിന്നുള്ള യുഡിഎഫ് എംപിമാർ പാർലമെൻ്റിനു പുറത്ത് പ്രതിഷേധിച്ചു. ആശാവർക്കർമാരുടെ ശമ്പളം 21,000 രൂപയായി വർധിപ്പിക്കുക, ആശ വർക്കർമാർക്ക് വിരമിക്കൽ ആനുകൂല്യമായി അഞ്ചു ലക്ഷം രൂപ നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.