ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം മുന്നോട്ട് കൊണ്ടുപോകുന്നതിന് ക്ഷമയോടെയുള്ള സമീപനവും പരസ്‌പര ബഹുമാനവും ആവശ്യമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ പറഞ്ഞു. അതിർത്തിയിൽ സംഘർഷം ലഘൂകരിക്കാനുള്ള ഇന്ത്യയുടെ ആഹ്വാനം ജയ്‌ശങ്കർ ആവർത്തിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ തർക്കങ്ങളായി മാറരുതെന്ന് ചർച്ചയിൽ എസ്. ജയശങ്കർ പറഞ്ഞു. എല്ലാ രൂപങ്ങളിലുമുള്ള ഭീകരതയ്‌ക്കെതിരായ പോരാട്ടം പ്രധാന മുൻഗണനയാണെന്നും ഇന്ത്യയും ചൈനയും തമ്മിൽ സുസ്ഥിരവും സഹകരണപരവും ഭാവിയിലേക്കുള്ളതുമായ ബന്ധം കെട്ടിപ്പടുക്കുന്നതിന് ചർച്ചകൾ സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യയുടെ താൽപര്യങ്ങൾ നിറവേറ്റുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്യുമെന്നും ജയശങ്കർ പറഞ്ഞു.
ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ് യിയുമായുള്ള കൂടിക്കാഴ്‌ചയിലാണ് ജയ്‌ശങ്കർ ഇന്ത്യ-ചൈന ബന്ധത്തെ കുറിച്ച് സംസാരിച്ചത്. ‘നമ്മുടെ ബന്ധങ്ങളിൽ പോസിറ്റിവിറ്റി നിലനിർത്തുന്നതിന് അതിർത്തി പ്രദേശങ്ങളി ൽ സമാധാനവും ശാന്തിയും സംയുക്തമായി നിലനിർത്തണം. സംഘർഷം ലഘുകരിക്കാനുള്ള പ്രക്രിയ മുന്നോട്ട് കൊണ്ടുപോകേണ്ടതും അത്യാവശ്യമാണ്. എല്ലാതരം ഭീകരതയ്ക്കും എതിരായ പോരാട്ടത്തിനാണ് ഇനി ഇരുരാജ്യങ്ങളും മുൻഗണന നൽകേണ്ടത്. ഈ വിഷയത്തിൽ നമ്മുടെ കാഴ്‌ചപ്പാടുകൾ പങ്കുവെക്കുന്നതിനായി ഞാൻ ആഗ്രഹിക്കുന്നു. നിലവിലെ സാഹചര്യത്തിൽ, ആഗോള സമ്പദ് വ്യവസ്ഥയിൽ സ്ഥിരത നിലനിർത്തുകയും അത് വർദ്ധിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. ന്യായവും സന്തുലിതവുമായ ഒരു ലോകക്രമമാണ് ഇന്ത്യ ആഗ്രഹിക്കുന്നത്’ – എസ് ജയശങ്കർ പറഞ്ഞു. ഇന്ത്യയുടെ പ്രത്യേക പ്രതിനിധി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും വാംഗ് യിയും തമ്മിൽ ഇന്ന് അതിർത്തി പ്രശ്‌നങ്ങൾ ചർച്ച ചെയ്യും.