കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന ഉള്ളടക്കങ്ങളും ഡീപ്‌ഫേക്ക് വീഡിയോകളും നിയന്ത്രിക്കുന്നതിൽ ഉണ്ടായ വീഴ്ചകൾക്ക് മെറ്റ സിഇഒ മാർക്ക് സക്കർബർഗ് ക്ഷമാപണം നടത്തി. കേന്ദ്ര സർക്കാരുമായി നടന്ന ഉന്നതതല ചർച്ചയ്ക്കിടെയാണ് മെറ്റയുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക ക്ഷമാപണം ഉണ്ടായത്. എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്ത സംഭവത്തെക്കുറിച്ച് സക്കർബർഗ് പ്രതികരിച്ചില്ല.

ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും മെറ്റയുടെ ആഗോള നേതൃത്വവും തമ്മിൽ രണ്ട് ദിവസങ്ങളിലായി നടന്ന ചർച്ചയിൽ പ്ലാറ്റ്ഫോമുകളുടെ ഉത്തരവാദിത്തം, ഉള്ളടക്ക നിയന്ത്രണം, ഇന്ത്യൻ നിയമങ്ങളുടെ പാലനം തുടങ്ങിയ വിഷയങ്ങൾ വിശദമായി വിലയിരുത്തി. ദോഷകരമായ ഉള്ളടക്കങ്ങൾ ഫലപ്രദമായി നിയന്ത്രിക്കുന്നതിൽ വീഴ്ച സംഭവിച്ചതായി മെറ്റ സമ്മതിച്ചതായാണ് റിപ്പോർട്ട്.

യോഗത്തിൽ, ഇൻഫർമേഷൻ ടെക്നോളജി ആക്ട് പ്രകാരമുള്ള ‘സേഫ് ഹാർബർ’ നിയമപരിരക്ഷ മെറ്റയ്ക്ക് സ്വാഭാവികമായി അവകാശപ്പെടാനാകില്ലെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി. ഉപയോക്താക്കൾക്ക് ഏതൊക്കെ ഉള്ളടക്കങ്ങൾ കൂടുതൽ പ്രദർശിപ്പിക്കണമെന്ന് മെറ്റയുടെ അൽഗോരിതമാണ് തീരുമാനിക്കുന്നതെന്നും, അതിനാൽ കമ്പനിക്ക് കൂടുതൽ ഉത്തരവാദിത്തമുണ്ടെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീഡിയോ നീക്കം ചെയ്ത സംഭവത്തിൽ മാർക്ക് സക്കർബർഗ് വ്യക്തിപരമായി മാപ്പുപറയണമെന്ന് പാർലമെന്ററി സമിതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അല്ലാത്തപക്ഷം ഇന്ത്യയിൽ മെറ്റയ്ക്ക് ലഭിക്കുന്ന ‘സേഫ് ഹാർബർ’ നിയമപരിരക്ഷ പിൻവലിക്കാൻ ശുപാർശ ചെയ്യുമെന്നും സമിതി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ചോദ്യപ്പേപ്പർ ചോർച്ച തടയാൻ കർശന നടപടി സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി യുവാക്കളോട് വിശദീകരിക്കുന്ന വീഡിയോയാണ് സാങ്കേതിക തകരാർ ചൂണ്ടിക്കാട്ടി ഫേസ്ബുക്കിൽ നിന്ന് താൽക്കാലികമായി നീക്കം ചെയ്യപ്പെട്ടത്.

Related Posts