ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്താതെ വന്നാൽ ഇൻഡിഗോയുടെ വിമാന സർവീസുകൾ മുടങ്ങിയതുപോലെ ഇന്ത്യൻ റെയിൽവേയുടെ തീവണ്ടി സർവീസുകളും മുടങ്ങാൻ സാധ്യതയുണ്ടെന്ന് അസോസിയേഷൻ പ്രതിനിധികൾ ചൂണ്ടിക്കാട്ടി. ലോക്കോ പൈലറ്റുമാരുടെ ഒഴിവുകൾ നികത്തുന്നില്ലെന്ന് ഓൾ ഇന്ത്യ ലോക്കോ റണ്ണിംഗ് സ്റ്റാഫ് അസോസിയേഷൻ (എഐഎൽആർഎസ്എ) പ്രതിനിധികൾ പറഞ്ഞു. ഇപ്പോൾ 1.15 ലക്ഷം ലോക്കോ പൈലറ്റുമാർ മാത്രമാണ് ഇന്ത്യൻ റെയിൽവേയിലുള്ളത്. 1.47 ലക്ഷം ലോക്കോ പൈലറ്റുമാർ വേണ്ടിടത്താണിത്.
ആഴ്ചയിൽ 48 മണിക്കൂർ വിശ്രമം നൽകണമെന്ന ആവശ്യം നടപ്പാക്കുന്നില്ല. ഒരാഴ്ചയിൽ രണ്ട് രാത്രി ഡ്യൂട്ടികൾ മാത്രമേ പാടുള്ളൂവെന്ന വ്യവസ്ഥ നടപ്പാക്കുന്നില്ല. തുടർച്ചയായി രാത്രിയിൽ ജോലി ചെയ്യേണ്ടിവരുമ്പോഴും കൂടുതൽസമയം ജോലി ചെയ്യേണ്ടിവരുമ്പോഴും ലോക്കോ പൈലറ്റുമാർക്ക് ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെ വരുമെന്നും അസോസിയേഷൻ അംഗങ്ങൾ ചൂണ്ടിക്കാട്ടി. അസിസ്റ്റന്റ് ലോക്കോ പൈലറ്റുമാരെ നിയമിക്കുന്നതിനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ടെങ്കിലും വളരെ പതുക്കെയാണ് നടപടികൾ മുന്നോട്ടുപോകുന്നത്. ലോക്കോപൈലറ്റുമാരുടെ കുറവ് കാരണം ഒരുദിവസം ലോക്കോപൈലറ്റിന് രണ്ട് ഷിഫ്റ്റുകളിൽ ജോലി ചെയ്യേണ്ടിവരുന്നതായി പരാതിയുണ്ട്.