കൊച്ചി ബ്രഹ്മപുരം കേസ്: പ്രത്യേക ബെഞ്ചിന്റെ പരിഗണന വിഷയങ്ങള്‍ ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശം
കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപ്പിടിത്തവുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ രൂപീകരിച്ച പ്രത്യേക ബെഞ്ചിന്റെ പരിഗണന വിഷയങ്ങൾ ഉൾപ്പടെയുള്ള രേഖകൾ ഹാജരാക്കാൻ സുപ്രീം കോടതി നിർദേശിച്ചു. കേരള ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറലിനാണ് നിർദേശം.
ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ, ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് എന്നിവർ അടങ്ങിയ ബെഞ്ചാണ് ആണ് ഈ നിർദേശം നൽകിയത്. സംസ്ഥാനത്തെ മലയോര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന് ഏർപ്പെടുത്തിയ നിരോധനം സ്റ്റേ ചെയ്തുകൊണ്ടുള്ള ഉത്തരവിലാണ് സുപ്രീം കോടതിയുടെ ഈ നിർദേശം.
ബ്രഹ്മപുരം മാലിന്യ പ്ലാൻ്റിലെ തീപ്പിടിത്തവുമായി മാധ്യമവാർത്തകളുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് സ്വമേധയാ കേസ് എടുത്ത് പരിഗണിക്കാൻ പ്രത്യേക ബെഞ്ചിന് രൂപം നൽകിയത്. സംസ്ഥാനത്തെ ഈ പ്രത്യേക ബെഞ്ചാണ് മലയോര മേഖലകളിൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന് നിരോധനം ഏർപ്പെടുത്തിയത്.
2016-ലെ ഖരമാലിന്യ പരിപാലന ചട്ടങ്ങൾ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്താനാണ് ബ്രഹ്മപുരം തീപ്പിടിത്തം പരിഗണിക്കാൻ രൂപീകൃതമായ പ്രത്യേക ബെഞ്ചിനെ ചുമതലപെടുത്തിയിരുന്നത് എന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പ്രത്യേക ബെഞ്ച് 2023 മാർച്ച് 21-ന് പുറപ്പെടുവിച്ച ഉത്തരവിൽ ഇക്കാര്യം വ്യക്തമാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.