ഓപ്പറേഷൻ സിന്ദൂർ ഉൾപ്പെടെയുള്ള നിർണായക വിഷയങ്ങൾ ചർച്ച ചെയ്യാൻ പാർലമെൻ്റിൻ്റെ മൺസൂൺ സമ്മേളനത്തിൽ കേന്ദ്രസർക്കാർ തയാറാണെന്ന് പാർലമെൻ്ററി കാര്യമന്ത്രി കിരൺ റിജിജു. ഒരു വിഷയത്തിൽ നിന്നും കേന്ദ്രം ഒളിച്ചോടില്ലെന്നും സഭ സുഗമമായി മുന്നോട്ടു കൊണ്ടുപോകാൻ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു. പാർലമെൻ്റിന്റെ മൺസൂൺ സമ്മേളനം ആരംഭിക്കുന്നത് തിങ്കളാഴ്ചയാണ്.
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിൻ്റെ ഇന്ത്യ-പാക്കിസ്ഥാൻ സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചെന്ന അവകാശവാദം പ്രതിപക്ഷം സഭയിൽ ഉന്നയിക്കാൻ പദ്ധതിയിടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തോടും മന്ത്രി പ്രതികരിച്ചു. സർക്കാർ എല്ലാ ചോദ്യങ്ങളെയും സഭയ്ക്കുള്ളിൽ അഭിമുഖീകരിക്കും മന്ത്രി പറഞ്ഞു. 17 ബില്ലുകൾ മൺസൂൺ സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുമെന്നും റിജിജു കൂട്ടിച്ചേർത്തു.