കേരള സമാജം (രജി.) കർണാടക ഈസ്റ്റ് ഡിവിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘നമ്മ പൊന്നോണം 2026 പി.സി. മോഹൻ എം പി ഉദ്ഘാടനം ചെയ്തു. ചന്നസാന്ദ്രയിലെ ശ്രീസായി കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ നിരവധി മലയാളി കുടുംബങ്ങളും സാമൂഹിക-സാംസ്കാരിക പ്രവർത്തകരും പങ്കെടുത്തു.

കേരളീയ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും വൈവിധ്യം വിളിച്ചോതിയ വിപുലമായ ഓണാഘോഷ പരിപാടികൾ രാവിലെ 9.30-ഓടെയാണ് ആരംഭിച്ചത്. കേരള സമാജം (രജി.) കർണാടക ഈസ്റ്റ് ഡിവിഷൻ ചെയർമാൻ ഷിജോ ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. മുഖ്യാതിഥികളും വിശിഷ്ടാതിഥികളും ചേർന്ന് നിലവിളക്ക് തെളിയിച്ചാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്. കേരള സമാജം (രജി.) കർണാടക പ്രസിഡണ്ട് എസ്. കെ. പിള്ള മുഖ്യപ്രഭാഷണം നടത്തി.

ഈ വർഷത്തെ ഓണാഘോഷത്തിൻ്റെ ഭാഗമായി വിവിധ കലാസാംസ്കാരിക പരിപാടികൾ അരങ്ങേറി. അലയൻസ് സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ് അവതരിപ്പിച്ച ‘നൃത്യസമന്വയ’യും, ദൈവകലാഗൃഹം അവതരിപ്പിച്ച കുച്ചിപ്പുടിയും പയ്യന്നൂർ കോൽക്കളിയും, സൗപർണിക സാൻവി അവതരിപ്പിച്ച തിരുവാതിരയും പരിപാടികൾക്ക് മികവേകി. സൗപർണിക കോളം അവതരിപ്പിച്ച തിരുവാതിരയും ശ്രദ്ധേയമായി.

പ്രൊഫസർ ലേഖാ തങ്കച്ചി സംവിധാനം ചെയ്ത ഹരിപ്പാട് സുദർശന കലാക്ഷേത്രത്തിൻ്റെ ‘കേരള നടനം’ നൃത്തവിരുന്നും കല്പവൃക്ഷ നാട്യാല അവതരിപ്പിച്ച നൃത്തപരിപാടികളും സദസ്സിൻ്റെ ശ്രദ്ധ നേടി. കേരളത്തിൻ്റെ തനത് കലാരൂപങ്ങളെയും പാരമ്പര്യത്തെയും പരിചയപ്പെടുത്തുന്ന വിവിധ അവതരണങ്ങൾ ഓണാഘോഷത്തിന് കൂടുതൽ നിറവും പകിട്ടും നൽകി.

ചടങ്ങിൽ മഞ്ജുള ലിംബാവലി മഹാദേവപുര എം എൽ എ, കേരളത്തിൽ നിന്നും അൻവർ സാദത്ത് എം എൽ എ ആലുവ എന്നിവർ മുഖ്യാഥിതികളായി. കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി റിങ്കൂ ചെറിയാൻ, എഴുത്തുകാരനും വിവർത്തകനുമായ സുധാകരൻ രാമന്തളി, കേരള സമാജം (രജി.) കർണാടക രക്ഷാധികാരി സി.പി. രാധാകൃഷ്ണൻ തുടങ്ങിയവരും ചടങ്ങിൽ ആശംസകൾ നേർന്നു. തുടർന്ന് വിവിധ മേഖലകളിൽ മികവ് തെളിയിച്ചവർക്കുള്ള പുരസ്കാര വിതരണവും നടന്നു.

കേരള സമാജം (രജി.) കർണാടക ഈസ്റ്റ് ഡിവിഷൻ കൺവീനർ ഷാജി ഡി. നന്ദി രേഖപ്പെടുത്തി.
ഓണാഘോഷത്തിൻ്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു വിപുലമായ ഓണസദ്യ. 1300-ലധികം പേർ ഓണസദ്യയിൽ പങ്കെടുത്തു. കേരളത്തിൽനിന്നുള്ള പാചക വിദഗ്ധരുടെ സഹകരണത്തോടെ എയ്ഞ്ചൽ കിച്ചൻ, ചന്നസാന്ദ്രയുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയത്. പരമ്പരാഗത കേരളീയ രുചികളും വിഭവങ്ങളും ഉൾപ്പെടുത്തിയ സദ്യയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത് സിനിമാ പിന്നണി ഗായിക ദുർഗ വിശ്വനാഥിൻ്റെ നേതൃത്വത്തിൽ നടന്ന മെഗാ മ്യൂസിക്കൽ നൈറ്റ് ആഘോഷങ്ങൾക്ക് കൂടുതൽ മിഴിവേകി. ഗാനമേളയ്ക്ക് സദസ്സിൽനിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

മഹേഷ് ചെല്ലപ്പൻ വൈസ് ചെയർമാൻ, അനിൽകുമാർ കെ പി വൈസ് ചെയർമാൻ, ഷാജി ഡി കൺവീനർ, സുഭാഷ് കൈമൾ ജോയിൻ്റ് കൺവീനർ, ജിജു സിറിയക് ഫിനാൻസ് കൺവീനർ, പ്രശാന്ത് എസ് കല്ലുവിളയിൽ പ്രോഗ്രാം കോ-ഓർഡിനേറ്റർ, അശ്വതി രമണൻ കൺവീനർ. വിജിത്ത് കെ (ജിത്തു) ചെയർമാൻ “നമ്മ പൊന്നോണം” സംഘാടക സമിതി ജിമ്മി ജോർജ് കോ-ചെയർമാൻ, “നമ്മുടെ പൊന്നോണം” സംഘാടക സമിതി ചെയർമാൻ യൂത്ത് വിങ് ഷംസുദ്ധീൻ കെ കൺവീനർ യൂത്ത് വിങ്, ബാലവിഭാഗം കൺവീനർ മാരായ എയ്ഞ്ചൽ അന്ന ജിമ്മി, കാൽവിൻ ജിജു എന്നിവർ നേതൃത്വം നല്കി.

ജി. മജീഷ് എൻ കെ ചീഫ് എഡിറ്റർ സുവനീർ, സന്ധ്യ, ഷിജി എന്നിവരും പരിപാടികൾക്ക് നേതൃത്വം നല്കി.
കേരള സമാജം (രജി.) കർണാടക ഈസ്റ്റ് ഡിവിഷൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ‘നമ്മ പൊന്നോണം 2026’ മലയാളി സമൂഹത്തിൻ്റെ കൂട്ടായ്മയും കേരളീയ സംസ്കാരത്തിൻ്റെയും പാരമ്പര്യത്തിൻ്റെയും മനോഹാരിതയും ഉയർത്തിക്കാട്ടിയ വിപുലമായ ആഘോഷമായി മാറി.

Related Posts