മഴക്കെടുതിയില്‍ ഇന്ന് സംസ്ഥാനത്ത് നാല് മരണം. ഇടിമിന്നലേറ്റ് കണ്ണൂരിൽ കള്ള് ചെത്ത് തൊഴിലാളി മരിച്ചു. ആറളം പന്ത്രണ്ടാം ബ്ലോക്കിലെ രാജീവനാണ് മരിച്ചത്. പാലക്കാട് ഗായത്രിപ്പുഴയിൽ കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. കാവശ്ശേരി എരകുളം സ്വദേശി പ്രണവ് (21) ആണ് മരിച്ചത്. മലപ്പുറം കരുവാരക്കുണ്ട് സ്വപ്നകുണ്ട് വെള്ളച്ചാട്ടത്തിൽ ഒഴുക്കിൽപ്പെട്ടയാൾ മരിച്ചു. കരുവാരക്കുണ്ട് തരിശ് സ്വദേശി റംഷാദ് ആണ് മരിച്ചത്. വള്ളം മറിഞ്ഞ് തിരുവനന്തപുരത്ത് മത്സ്യത്തൊഴിലാളിയെ കാണാതായി.

നദികളിൽ ശക്തമായ മഴയെ തുടര്‍ന്ന് ജലനിരപ്പ് ഉയരുന്നു. തൃശൂ‌ർ, കോഴിക്കോട്, എറണാകളും ജില്ലകളിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഷട്ടറുകള്‍ ഏത് നിമിഷവും തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ മലയോരമേഖലകളില്‍ ഇടവിട്ട് മഴ തുടരുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് ചാലിയാറില്‍ ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി.

ഇരുവഴിഞ്ഞിപ്പുഴ, ചെറുപുഴ മാമ്പുഴ തുടങ്ങിയവയിലും ജലനിരപ്പ് ഉയര്‍ന്നു. ഇതോടെ മാവൂര്‍, പെരുവയല്‍, ചാത്തമംഗലം തുടങ്ങിയ പഞ്ചായത്തുകളിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. മാവൂര്‍ കച്ചേരിക്കുന്നില്‍ 6 വീടുകളില്‍ വെള്ളം കയറി. ഇവരെ ബന്ധുവീടുകളിലേക്ക് മാറ്റി. ഉച്ചയ്ക്ക് ശേഷം മാവൂര്‍ ഭാഗത്തെ വെള്ളക്കെട്ടുള്ള സ്ഥലങ്ങളിലെ സ്കൂളുകള്‍ക്ക് അവധി നല്‍കിയിരുന്നു. മറ്റിടങ്ങളില്‍ കാര്യമായ മഴക്കെടുതികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ജില്ലയില്‍ ഒരിടത്തും ക്യാമ്പുകള്‍ ആരംഭിച്ചിട്ടില്ല.

റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന വയനാട്ടിൽ വൈകിട്ടോടെ വീണ്ടും മഴ ശക്തമാകുന്നു. കൽപ്പറ്റയുടെ കോട്ടത്തറ പഞ്ചായത്തിൽ വിവിധ ഇടങ്ങളിൽ വെള്ളം കയറി. കല്ലൂർ പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് പുഴങ്കുനി കോളനിയിലെ ആദിവാസി കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. പനമരം ചെറിയ പുഴ കരകവിഞ്ഞു. എറണാകുളം ജില്ലയുടെ മലയോര മേഖലയിൽ ശക്തമായ മഴ തുടരുന്നു.

ആലുവ, കോതമംഗലം എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറി. എറണാകുളം കെ എസ് ആർ ടി സി ബസ്സ്റ്റാൻഡിൽ ഇത്തവണയും വെള്ളക്കെട്ട് ഉണ്ടെങ്കിലും യാത്രക്കാരെ കാര്യമായി ബാധിച്ചിട്ടില്ല. മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്നതിനെ തുട‍ർന്ന് തീരത്ത് താമസിക്കുന്ന 6 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. പാലക്കാട് ചാലിശ്ശേരി ആലിക്കരയിൽ മരം വീണ് വീടും വൈദ്യുത പോസ്റ്റുകളും തകർന്നു. പ്രദേശത്ത് മണിക്കൂറുകളോളം വൈദ്യുത തടസവും നേരിട്ടു.

Related Posts