പടിഞ്ഞാറൻ ബെംഗളൂരുവിലെ യാത്രക്കാർ ഏറെ നാളായി കാത്തിരുന്ന കെങ്കേരി-ഹെജ്ജാല റെയിൽവേ അണ്ടർബ്രിഡ്ജ് ഇന്ന് പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കും. കഴിഞ്ഞ ഏഴ് മാസമായി നിർമാണ പ്രവർത്തനങ്ങൾക്കായി അടച്ചിട്ടിരുന്ന ഈ റോഡ് വീണ്ടും തുറക്കുന്നതോടെ ആയിരക്കണക്കിന് യാത്രക്കാർക്ക് ആശ്വാസമാകും.
മൈസൂരു റോഡിനെയും രാമോഹള്ളി, ഹെജ്ജാല, കെംപെഗൗഡ ലേഔട്ട് ഉൾപ്പെടെയുള്ള പ്രദേശങ്ങളെയും ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത പാതയാണിത്. നിർമാണത്തെ തുടർന്ന് വാഹനങ്ങൾ ദീർഘദൂരം വഴിതിരിച്ചുവിടേണ്ടി വന്നതോടെ ദിവസേന വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു.
അണ്ടർബ്രിഡ്ജ് പ്രവർത്തനക്ഷമമാകുന്നതോടെ കെങ്കേരി, ഹെജ്ജാല, രാമോഹള്ളി മേഖലകളിലേക്കുള്ള യാത്ര എളുപ്പമാകും. റെയിൽവേ ഗേറ്റിലെ കാത്തിരിപ്പ് പൂർണമായും ഒഴിവാകും. മൈസൂരു റോഡിലെ ഗതാഗതക്കുരുക്ക് കുറയുമെന്നാണ് പ്രതീക്ഷ. സ്കൂൾ, കോളേജ്, ഐടി ജീവനക്കാർ ഉൾപ്പെടെയുള്ള ദിവസേനയുള്ള യാത്രക്കാർക്ക് സമയലാഭം ലാഭിക്കാം.
ബെംഗളൂരുവിലെ റെയിൽവേ ലെവൽ ക്രോസിംഗുകൾ ഒഴിവാക്കി സുരക്ഷിതവും തടസ്സരഹിതവുമായ റോഡ് ഗതാഗതം ഉറപ്പാക്കാനുള്ള ദക്ഷിണ പശ്ചിമ റെയിൽവേയുടെ പദ്ധതിയിലെ പ്രധാന അടിസ്ഥാനസൗകര്യ വികസനങ്ങളിൽ ഒന്നായാണ് ഈ അണ്ടർബ്രിഡ്ജിനെ വിലയിരുത്തുന്നത്.