കർണാടക എംഎൽഎയും മുൻമന്ത്രിയുമായ ബൈരതി ബസവരാജിനെ കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് ബാംഗ്ലൂർ പോലീസ് അറസ്റ്റ് ചെയ്‌തു. അഹമ്മദാബാദിൽനിന്ന് ഇന്നലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ എംഎൽഎയെ അറസ്റ്റ് ചെയ്യുകയിരുന്നു. ബസവരാജിൻ്റെ വരവിനായി പോലീസ് സംഘം കാത്തുനിന്നിരുന്നു.

നാൽപതുകാരനായ ശിവപ്രകാശ് എന്ന ബിക്കു ശിവുവിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ടതാണ് കേസ്. കേസിലെ അഞ്ചാം പ്രതിയാണ് ബസവരാജ്. 2025 ജൂലൈ 15-ന് ഭാരതി നഗറിൽ വച്ചായിരുന്നു കൊലപാതകം. കേസിൽ മുൻകൂർ ജാമ്യം നിഷേധിച്ച കർണാടക ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്‌തുകൊണ്ട് ബസവരാജ് സമർപ്പിച്ച ഹർജി കഴിഞ്ഞ ദിവസം സുപ്രീം കോടതി തള്ളിയിരുന്നു.

കിത്തഗനൂർ പ്രദേശത്തെ ഭൂമിതർക്കവുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ശിവപ്രകാശിനെ അമ്മയുടെ മുന്നിൽ വെച്ച് കാറിലെത്തിയ പ്രതികൾ കൊലപ്പെടുത്തുകയായിരുന്നു. ബസവരാജിൻ്റെ അടുത്ത അനുയായി ജഗദീഷ് പത്മനാഭയുമായുള്ള ഗുണ്ടാ കുടിപ്പകയാണ് ശിവപ്രകാശിൻ്റെ കൊലപാതകത്തിൽ കലാശിച്ചത്. കേസിലെ മറ്റു പ്രതികളുമായി ബസവരാജ് നടത്തിയ പണമിടപാടുകളുടെ തെളിവുകൾ നേരത്തെ സിഐഡിക്കു ലഭിച്ചിരുന്നു. കൊലപാതകത്തിലെ ഗൂഢാലോചനയിൽ എം.എൽ.എ.യ്ക്ക് പങ്കുണ്ടെന്നാണ് ആരോപണം. കേസിലെ മുഖ്യപ്രതിയായ ജഗ്ഗ എന്ന ജഗദീഷുമായി അദ്ദേഹത്തിന് നേരിട്ടുബന്ധമുണ്ടായിരുന്നെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തിയിരുന്നു.

Related Posts