സംസ്ഥാനത്തെ ഐടി മേഖലയിലെ ജീവനക്കാരുടെ ജോലിസമയം ഉയര്‍ത്താന്‍ കര്‍ണാടകയില്‍ വീണ്ടും നീക്കം. ജോലിസമയം സാധാരണ 10 മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 12 മണിക്കൂറുമാക്കി നിയമഭേദഗതി കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്. സാധാരണ ജോലിസമയം നിലവില്‍ 9 മണിക്കൂറും ഓവര്‍ടൈം ഉള്‍പ്പെടെ 10 മണിക്കൂറുമാണ്. 1961-ലെ കര്‍ണാടക ഷോപ്സ് ആന്‍ഡ് കൊമേഴ്സ്യല്‍ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതിചെയ്ത് ജോലിസമയം ഉയര്‍ത്താനാണ് തീരുമാനം.
ഐടി, ഐടിഇഎസ് മേഖലയിലെ സ്ഥാപനങ്ങളെ നിയന്ത്രിക്കുന്നത് ഈ നിയമമാണ്.
തൊഴിൽവകുപ്പിന്റെ നേതൃത്വത്തിൽ ബുധനാഴ്ച വിളിച്ചു ചേർത്ത വ്യവസായ സ്ഥാപനങ്ങളുടെയും ജീവനക്കാരുടെ യൂണിയനുകളുടെയും പ്രതിനിധികളുടെ യോഗത്തിൽ നിയമഭേദഗതിയുടെ കരട് അവതരിപ്പിച്ചു. തൊഴിൽവകുപ്പ് സെക്രട്ടറി ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ സംബന്ധിച്ചു.
കഴിഞ്ഞവർഷം സംസ്ഥാനത്തെ ഐടി, ഐടിഇഎസ് കമ്പനികളിലെ തൊഴിൽ സമയം ദിവസം 14 മണിക്കൂറാക്കാൻ തൊഴിൽവകുപ്പ് ശ്രമം നടത്തിയിരുന്നു. കർണാടക ഷോപ്സ് ആൻഡ് കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെന്റ് ആക്ട് ഭേദഗതിചെയ്യാനാണ് അന്നും നീക്കം നടത്തിയത്. പ്രമുഖ ഐടി കമ്പനി ഉടമകളുടെ സമ്മർദത്തിന് വഴിപ്പെട്ടാണ് ഇതെന്ന് അന്ന് ആരോപണം ഉയർന്നിരുന്നു.