സംസ്ഥാന സ്കൂൾ കലോത്സവത്തിന് ബുധനാഴ്ച തൃശുരിൽ തിരിതെളിയും. ജനുവരി 14 മുതൽ 18 വരെയാണ് കലോത്സവം. 25 വേദികളിലായി 250 ഇനങ്ങളിൽ 15,000 കലാപ്രതിഭകൾ മാറ്റുരക്കും. മുഖ്യമന്ത്രി പിണറായി വിജയൻ നാളെ രാവിലെ 10മണിക്ക് തേക്കിൻകാട് മൈതാനിയിലെ എക്സിബിഷൻ ഗ്രൗണ്ടിലെ പ്രത്യേക പന്തലിൽ ഉദ്ഘാടനം നിർവഹിക്കും. ‘ഉത്തരവാദിത്ത കലോത്സവം’ എന്നതാണ് ഇത്തവണത്തെ കലോത്സവത്തിൻ്റെ ആപ്തവാക്യം. ബി.കെ. ഹരിനാരായണനാണ് സ്വാഗതഗാനം ചിട്ടപ്പെടുത്തിയത്. തീം സോങ് പാലക്കാട് പൊറ്റശ്ശേരി സ്കൂളിലെ വിദ്യാർഥികളാണ് ഒരുക്കിയിട്ടുള്ളത്. കലാമണ്ഡലത്തിൻ്റെ നേതൃത്വത്തിൽ സ്വാഗതഗാനം അവതരിപ്പിക്കും.
പൊതുവിദ്യാഭ്യാസ ഡയറക്ടർ എൻ.എസ്.കെ. ഉമേഷ് രാവിലെ ഒമ്പതിന് പതാക ഉയർത്തുന്നതോടെ കലോത്സവത്തിന് ഔദ്യോഗിക തുടക്കമാകും. മന്ത്രി വി.ശിവൻകുട്ടി അധ്യക്ഷത വഹിക്കും. സ്വാഗതസംഘം ചെയർമാൻകൂടിയായ റവന്യൂ മന്ത്രി കെ. രാജൻ സ്വാഗതം പറയും.തൃശൂരിൻ്റെ പുരപ്രൗഢി വിളിച്ചോതുന്ന രീതിയിൽ പാണ്ടിമേളവും, 64-ാം കലോത്സവത്തെ സൂചിപ്പിച്ച് 64 വിദ്യാർഥികൾ അണിനിരക്കുന്ന വർണാഭമായ കുടമാറ്റവും നടക്കും.
കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി, മന്ത്രിമാരായ ഡോ. ആർ. ബിന്ദു, റോഷി അഗസ്റ്റിൻ, കെ. കൃഷ്ണൻകുട്ടി, എ.കെ. ശശീന്ദ്രൻ, കെ.എൻ. ബാലഗോപാൽ, പി. രാജീവ്, പി.എ. മുഹമ്മദ് റിയാസ്, സജി ചെറിയാൻ, ജെ. ചിഞ്ചു റാണി എന്നിവർ മുഖ്യാതിഥികളാകും.