ദില്ലിയിൽ സിജെപി നേതൃത്വത്തിൽ തുടരുന്ന വിദ്യാർത്ഥി പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ ജവഹർലാൽ നെഹ്റു സർവകലാശാല വിദ്യാർത്ഥികൾക്ക് പ്രത്യേക മാർഗനിർദേശങ്ങൾ പുറത്തിറക്കി. ജന്തർ മന്തറിലെയും മറ്റ് പ്രതിഷേധ പരിപാടികളിലെയും പങ്കാളിത്തം ഒഴിവാക്കണമെന്നും സമൂഹമാധ്യമങ്ങൾ ഉത്തരവാദിത്തത്തോടെ ഉപയോഗിക്കണമെന്നും സർവകലാശാല നിർദേശിച്ചു. നിർദേശം ലംഘിക്കുന്നവർക്ക് നിയമനടപടിക്കും അച്ചടക്ക നടപടികൾക്കും വിധേയരാകേണ്ടിവരുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. നേരത്തെ ഡൽഹി സർവകലാശാലയും സമാന നിർദേശം പുറപ്പെടുവിച്ചിരുന്നു.

അതേസമയം, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ ദില്ലി പൊലീസ് മുൻകരുതൽ നടപടികൾ ശക്തമാക്കി. വിവിധ ജില്ലകളിൽ നിന്നായി 200-ഓളം പേരെ കരുതൽ കസ്റ്റഡിയിലെടുത്തു. കുരുമുളക് സ്പ്രേ ഉൾപ്പെടെയുള്ള വസ്തുക്കളുമായി പ്രതിഷേധത്തിനെത്തിയവരും വിദ്യാർത്ഥികളല്ലാത്ത ചിലരും കസ്റ്റഡിയിലുണ്ടെന്ന് പൊലീസ് അറിയിച്ചു. ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നെത്തിയവരും ഇവരിൽ ഉൾപ്പെടുന്നു.

സുരക്ഷാ മുൻകരുതലിൻ്റെ ഭാഗമായി 17 മെട്രോ സ്റ്റേഷനുകൾ താൽക്കാലികമായി അടച്ചു. പ്രദേശത്ത് സുരക്ഷാ സേനയുടെ വിന്യാസവും ശക്തമാക്കിയിട്ടുണ്ട്. ഇന്റർനെറ്റ് സേവനങ്ങൾക്കും നിയന്ത്രണം തുടരുകയാണ്. ഇതിനിടെ, സിജെപി പ്രതിനിധികളും കേന്ദ്ര സർക്കാരും തമ്മിലുള്ള ചർച്ച ഉച്ചയ്ക്ക് 12.30ന് കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കുമെന്ന സൂചനയുണ്ട്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കുന്നതുവരെ ജന്തർ മന്തറിലെ സമരം തുടരുമെന്നാണ് സിജെപി നേതൃത്വത്തിൻ്റെ നിലപാട്.

പ്രതിഷേധത്തിനിടെ സുരക്ഷാ സേന പെല്ലറ്റ് ഗൺ ഉപയോഗിച്ചതായി മെഡിക്കൽ റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ട്. മാധ്യമപ്രവർത്തകൻ ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്കേറ്റ സംഭവത്തിൽ അന്വേഷണം നടത്താൻ സിആർപിഎഫ് നിർദേശം നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്കെതിരെ പെല്ലറ്റ് ഗൺ ഉപയോഗിക്കരുതെന്ന നിർദേശവും ബന്ധപ്പെട്ട സേനയ്ക്ക് നൽകിയതായാണ് റിപ്പോർട്ടുകൾ. പരിക്കേറ്റവർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്.

Related Posts