സൈന്യത്തിൻ്റെ ഓപ്പറേഷൻ സിന്ദൂറിൻ്റെ പശ്ചാത്തലത്തിൽ അതിർത്തിയിൽ സംഘർഷങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ ദുർബല പ്രദേശങ്ങളിൽ നിന്നുള്ള താമസക്കാരെ വേഗത്തിൽ ഒഴിപ്പിക്കാൻ നിർദേശിച്ച് ജമ്മു കാശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ മനോജ് സിൻഹ. അതിർത്തിയിലെ സംഘർഷം തുടരുന്ന സാഹചര്യത്തിൽ എല്ലാ അതിർത്തി ജില്ലകളിലെയും സ്ഥിതിഗതികൾ അദ്ദേഹം വിലയിരുത്തി.
ഭരണകൂടം ഏത് സാഹചര്യവും കൈകാര്യം ചെയ്യാൻ പൂർണമായും തയ്യാറാണെന്ന് അദ്ദേഹം ഉറപ്പ് നൽകി. എല്ലാ അതിർത്തി ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർമാർ ഉൾപ്പെടെ എല്ലാ മുതിർന്ന ഭരണ, പോലീസ്, ജില്ലാ ഉദ്യോഗസ്ഥരുമായും സമഗ്രമായ ചർച്ച നടത്തിയതായി അദ്ദേഹം അറിയിച്ചു.
‘കശ്മീരിലെ അതിർത്തി ജില്ലകളിലെ സ്ഥിതിഗതികൾ എല്ലാ അതിർത്തി ജില്ലകളിലെയും ജില്ലാ കളക്ടർമാർ ഉൾപ്പെടെ എല്ലാ മുതിർന്ന ഭരണ, പോലീസ്, ജില്ലാ ഉദ്യോഗസ്ഥരുമായും വിലയിരുത്തി. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്, ഏത് സാഹചര്യവും നേരിടാൻ സർക്കാർ പൂർണമായും തയ്യാറാണ്.’ – മനോജ് സിൻഹ പറഞ്ഞു.
ദുർബലമായ പ്രദേശത്ത് താമസിക്കുന്നവരെ മുൻകരുതൽ നടപടിയെന്ന നിലയ്ക്ക് സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റാൻ അദ്ദേഹം ബന്ധപ്പെട്ട ജില്ലകളിലെ കളക്ടർമാർക്ക് നിർദേശം നൽകി. ഇത്തരത്തിൽ മാറ്റപ്പെടുന്നവർക്ക് താമസം, ഭക്ഷണം, വൈദ്യ പരിചരണം, ഗതാഗതം എന്നിവയ്ക്കുള്ള ക്രമീകരണങ്ങൾ ചെയ്യണമെന്നും അദ്ദേഹം നിർദേശിച്ചിട്ടുണ്ട്.