ഇസ്രായേലിലെ പ്രധാന ആണവ ഗവേഷണ കേന്ദ്രത്തിന് സമീപമുള്ള മേഖലകളിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ വൻ നാശനഷ്ടം സംഭവിക്കുകയും നിരവധിയാളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ പത്തോളം പേരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. പലരുടെയും നില ഗുരുതരമെന്നാണ് വിവരം. ഇസ്രായേലിൻ്റെ അതീവ സുരക്ഷയുള്ള ആണവ ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് ഈ മേഖലയിലാണ്. ഇസ്രായേലിലെ അരാദ് (Arad), ദിമോണ (Dimona) എന്നീ നഗരങ്ങളെയാണ് ഇറാൻ ലക്ഷ്യം വെച്ചത്. ഇസ്രായേൽ ഇറാൻ്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇത് കണക്കാക്കുന്നത്.
തങ്ങളുടെ പ്രതിരോധ സംവിധാനങ്ങൾക്ക് ഇറാൻ്റെ മിസൈലുകളെ തടയാൻ സാധിച്ചില്ലെന്ന് ഇസ്രായേൽ സൈന്യം സമ്മതിച്ചു. ലക്ഷ്യസ്ഥാനങ്ങളിൽ മിസൈലുകൾ നേരിട്ട് പതിച്ചു.
‘ടു-സ്റ്റേജ് ഇന്റർകോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ’ ആണ് ഇറാൻ പ്രയോഗിച്ചതെന്ന് ഇസ്രായേൽ സൈനിക മേധാവി ജനറൽ ഇയാൽ സാമിർ പറഞ്ഞു. ഇറാൻ്റെ മിസൈൽ ശേഷി അത്യാധുനികമാണെന്ന് ഈ ആക്രമണത്തിലൂടെ വ്യക്തമായി. ആക്രമണം ശക്തമാക്കുമെന്നും യുദ്ധം ഉടനെങ്ങും അവസാനിക്കില്ലെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് വ്യക്തമാക്കി. അതേസമയം അമേരിക്ക യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമം തുടങ്ങിയതായും വൈറ്റ് ഹൗസിലെ ഉന്നതരെ ഉദ്ധരിച്ച് വാർത്തകൾ പുറത്തുവരുന്നുണ്ട്.